
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്. പാക്ക് വ്യോമപാത വഴി മോഡിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്നലെയാണ് പാക്കിസ്ഥാനോട് ഇന്ത്യ ഔദ്യോഗികമായ വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. പാക്ക് വ്യോമപാത ഒഴിവാക്കി ഒമാന്‍ വഴിയാകും മോഡി അമേരിക്കയ്ക്ക് പോവുക.
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എസ്ലന്റ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും അമേരിക്ക വ്യോമപാത നിഷേധിച്ചിരുന്നു. ബാലാക്കോട്ട് പ്രത്യാക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാന് വ്യോമപാത പൂര്ണണമായും അടച്ചത്. എന്നാല്‍ പിന്നീട് ഓഗസ്റ്റില്‍ ഫ്രാന്‍സിലേക്ക് പോയപ്പോള്‍ നരേന്ദ്രമോഡിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാന്‍ പാക്കിസ്ഥാന്റെ അനുവാദം തേടുകയും അത് പാക്കിസ്ഥാന് അംഗീകരിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിനു മുകളിലൂടെ പറന്നാണ് മോഡി ഫ്രാന്‍സിലെത്തിയത്.
സെപ്തംബര്‍ 21 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ബലാക്കോട്ട് പ്രത്യാക്രമണത്തിനു ശേഷം രാജ്യത്തെ എല്ലാ വ്യോമപാതകളും അടച്ച പാക്കിസ്ഥാന്, ന്യൂഡല്‍ഹി, ബാങ്കോക്ക്, ക്വാലലംപൂര് എന്നിവിടങ്ങള്‍ ഒഴികെ ബാക്കി എല്ലായിടത്തേയ്ക്കുമുള്ള വിമാനങ്ങള്‍ക്ക് മാര്‍ച്ച് 27ന് അനുമതി നല്‍കിയിരുന്നു.






