
മുംബൈ: മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലും പരിസര പ്രദേശങ്ങളിലും വീണ്ടും അതിതീവ്രതയുളള മഴ. ഇതേതുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ വരുന്ന 24 മണിക്കൂറില്‍ 204 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മഴയെ തുടര്‍ന്ന് മുംബൈ, താനെ, കൊങ്കണ്‍ മേഖലകളില്‍ സ്കൂളുകള്‍ക്കും ജൂനിയര്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഓരോ പ്രദേശത്തെയും സ്ഥിതി പരിശോധിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ അവധി നല്കാന് ജില്ലാ കലക്ടര്‍മാരെയും ചുമതലപ്പെടുത്തിയതായി സ്കൂള്‍ വിദ്യാഭ്യാസമന്ത്രി ആശിഷ് ഷെലര്‍ അറിയിച്ചു.
ഇന്നലെ രാത്രി മുതല്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ സീസണില്‍ പല തവണ മുംബൈ വെള്ളത്തില്‍ മുങ്ങിയിരുന്നു. ട്രെയിന്‍, വിമാന സര്‍വീസുകള്‍ വരെ തടസ്സപ്പെടുകയും ചെയ്തിരുന്നു.






