
റാംപുര്‍ (യു.പി): സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യുവതിയെയും മൂന്നുമാസമായ പെണ്കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ ജീവനോടെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ റാംപുര്‍ ഹാജിപുരയില്‍ ബുധനാഴ്ചയാണ് സംഭവം. ഷബ്നം എന്ന യുവതിയും മകളുമാണ് കൊല്ലപ്പെട്ടത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കുറച്ചുകാലമായി യുവതി സ്വന്തം പിതാവിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന് മുഹമ്മദ് ജാവേദ് പറയുന്നു. നാലു വര്‍ഷം മുന്‍പാണ് യുവതി വിവാഹിതയായത്. മൂന്നു വയസ്സുള്ള മകനും ഈ ബന്ധത്തിലുണ്ട്.
ഷബ്നത്തിനും മകള്‍ക്കും സംഭവിച്ച ദുരന്തത്തെ കുറിച്ച് ഭര്‍തൃവീട്ടുകാര്‍ തങ്ങളെ അറിയിച്ചില്ലെന്നും അയല്‍വാസികളാണ് വിവരം അറിയിച്ചതെന്നും ജാവേദ് പറയുന്നു. ജാവേദിന്റെ പരാതിയില്‍ പോലീസ് സ്ത്രീധന പീഡനവും കൊലപാതക കേസും രജിസ്റ്റര്‍ ചെയ്തുവെന്ന് എസ്.പി അജയ് ശര്‍മ്മ അറിയിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.






