
കോഴിക്കോട്: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എം.എം മണി രംഗത്ത്. ' കമ്പിയില്ലേല്‍ കമ്പിയെണ്ണും' എന്നായിരുന്നു മണി ഫേയ്സ്ബുക്കില്‍ കുറിച്ചത്. നേരത്തേ ഇബ്രാഹിം കുഞ്ഞിനെതിരെ പാലായിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വക ഒളിയമ്പുണ്ടായിരുന്നു. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്. അതാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരും'- മുഖ്യമന്ത്രി പറഞ്ഞു.
പാലം ക്രമക്കേടില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വ്യക്തമാക്കിയിരുന്നു.
ജാമ്യാപേക്ഷയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് സൂരജിന്റെ ആരോപണം. കരാറുകാരന് മുന്‍കൂറായി പണം നല്കാന് നിര്‍ദേശിച്ചത് ഇബ്രാഹിം കുഞ്ഞായിരുന്നെന്ന് സൂരജ് പറഞ്ഞു. 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സൂരജിന്റെ വാദം. നേരത്തെ, പാലം നിര്‍മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്.
പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി സൂരജ് ഉള്‍പ്പെടെ നാല് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പാലം നിര്‍മ്മിച്ച ആര്.ഡി.എസ് പ്രൊജക്ട്സിന്റെ എം.ഡി സുമിത് ഗോയല്‍, കിറ്റ്കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ അഡീഷണല്‍ മാനേജര്‍ എം.ടി തങ്കച്ചന് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ നേരത്തേ ചോദ്യം ചെയ്ത് കേസില്‍ പ്രതിചേര്‍ത്തിരുന്നു. പാലത്തിന്റെ രൂപരേഖയില്‍ വിദഗ്ധ സംഘം അപാകതകള്‍ കണ്ടെത്തിയിരുന്നു. ഈ രൂപരേഖ അംഗീകരിച്ചതു സൂരജിന്റെ കാലത്താണ്.






