
ഡ്രിബ്ളിംഗ്, ഫേയ്ക്കിംഗ്, പെട്ടെന്നുള്ള വെട്ടിത്തിരിയല്‍, പിന്നെ പ്രതിരോധത്തെ കീറി മുറിച്ച് നല്കുന്ന ത്രൂപാസുകളും. വെറും ഏഴു മത്സരം മാത്രമേ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ളെങ്കിലൂം മിഡ്ഫീല്‍ഡില്‍ നവ്യാനുഭവമായി മാറുകയാണ് മലയാളിതാരം 22 കാരന് അബ്ദുള്‍ സഹല്‍ സമദ്. കളത്തില്‍ വേഗവും ഡ്രിബ്ളിംഗും സമന്വയിപ്പിച്ച് എതിര് പ്രതിരോധത്തെ മറികടക്കുന്ന അര്‍ജന്റീന മാന്ത്രികന് മെസ്സിയെയാണ് ഈ ഇന്ത്യന്‍ താരം റോള്‍മോഡലാക്കുന്നത്.
ജൂണില്‍ കുറാക്കോയ്ക്കെതിരേ കിംഗ്സ് കപ്പ് മുതലാണ് ഇന്ത്യ കേരളാതാരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. വെറും നാലു മാസം കൊണ്ട് ഇന്ത്യന്‍ മിഡ്ഫീല്‍ഡിലെ ഹൃദയമായി താരം മാറി. ഇന്ത്യ ചരിത്രമെഴുതിയ ഖത്തറിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരേ സഹലിന്റെ മികവിന്റെ മിന്നലാട്ടം കണ്ടിരുന്നു. ഇടതു വിംഗര്‍ ഉദാന്താസിംഗുമൊത്ത് ഉഗ്രന്‍ കൗണ്ടര്‍ അറ്റാക്കും അര്‍ദ്ധാവസരങ്ങള്‍ തുറന്നെടുക്കുന്നതും ആരാധകര്‍ കണ്ടിരുന്നു.
്ഏത് പൊസിഷനില്‍ വന്നാലും ഡ്രിബ്ളിംഗും വെടിയുണ്ട പോലെ പായാനും താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി താരം പിടിഐ യ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഡിഫന്‍സിനെ കീറി മുറിക്കുന്ന ത്രൂബോളുകളും പിന്നെ പന്തുമായി എതിര്‍ഗോള്‍ മുഖത്തേക്ക് നടത്തുന്ന ആക്രമണവും ഇഷ്ടപ്പെടുന്നു. ഇക്കാര്യത്തില്‍ താരം റോള്‍ മോഡലാക്കുന്നത് ലോകപ്രശസ്ത താരം മെസ്സിയെയാണ്. മെസ്സിയുടെ കളികള്‍ ഏറെ കാണാറുണ്ടെന്നും അതില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.
'' ഓരോ കളിക്കാരനും അവരുടേതായ ശൈലിയുണ്ട്. എന്റേത് ഇതാണ്'' താരം പറയുന്നു. ഇന്ത്യന്‍ ടീമിനെ ഉടച്ചു വാര്‍ത്ത പുതിയ പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക് ആഗ്രഹിക്കുന്ന യുവരക്തങ്ങളില്‍ ഒരാളാണ് സഹല്‍. രണ്ടു വര്‍ഷമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ളാസ്റ്റേഴ്സിനായി കാട്ടിയ മികവാണ് ദേശീയ ടീമിലേക്കും വഴി തുറന്നത്. എന്നിരുന്നാലും ജനുവരിയിലെ ഏഷ്യാകപ്പില്‍ ടീമില്‍ ഉള്‍പ്പെടാന്‍ താരത്തിനായില്ല. പന്ത് എപ്പോഴും കൈവശം വെച്ചു കൊണ്ടിരിക്കാന് ഇഷ്ടപ്പെടുന്ന സഹല്‍ പക്ഷേ നിസ്സാരമായി പന്ത് നഷ്ടപ്പെടുത്തുന്നു എന്നതാണ് പോരായ്മയെന്ന് താരം തന്നെ പറയുന്നു. '' ചില സമയങ്ങളില്‍ നന്നായി പന്ത് കൈവശം വെച്ചു കൊണ്ടിരക്കാനാകും. എന്നാല്‍ മറ്റ് ചിലപ്പോള്‍ തീരെ മോശമാകും. എന്നാല്‍ ഈ രീതിയില്‍ കളിക്കാനാണ് മിക്കവരും ഉപദേശിക്കുന്നത്. ഇത് ആത്മവിശ്വാസവും സന്തോഷവും നല്കുന്നു.'' താരം പറഞ്ഞു.
ഇന്ത്യന്‍ പരിശീലകന് സ്റ്റിമാക്കും പൊസഷന്‍ അടിസ്ഥാനമാക്കിയുള്ള ഫുട്ബോളിന്റെ ആരാധകനാണ്്. ബോള്‍ പൊസഷനിലൂടെ പിന്നില്‍ നിന്നും നല്ല പാസുകളിലൂടെ ആക്രമണം നടത്താനാണ് സ്റ്റിമാക്ക് ഇന്ത്യന്‍ ടീമിനെ പഠിപ്പിച്ചിരിക്കുന്നത്. '' പുതിയ ഫുട്ബോളില്‍ പന്ത് കൈവശം വെച്ച് എതിരാളികളെ ഓടിച്ചു തളര്‍ത്തുന്നതാണ് രീതി. ഇപ്പോള്‍ ഇന്ത്യ കളിക്കുന്ന ഈ രീതിയിലുള്ള ഫുട്ബോള്‍ ടീമിലെ എല്ലാവരും ഏറെ ഇഷ്ടപ്പെടുന്നു.'' സമദ് പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ഈ രീതിയിലുള്ള ഫുട്ബോളിന് ആരാധകര്‍ കൂടുന്നത് പോസിറ്റീവായ ലക്ഷണമാണ്. ആള്ക്കാര് ധാരാളം എത്തുന്നത് ഏറെ സന്തോഷിപ്പിക്കുന്നു.
ഖത്തറിനെതിരേ ദോഹയിലെ സമനിലയും ഒമാനെ സ്വന്തം മൈതാനത്ത് ഞെട്ടിച്ചതും ഇന്ത്യന്‍ ടീമിന് പ്രതീക്ഷയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരമാണ് ഖത്തറിനെതിരേ കളിച്ചതെന്നും ഇത്തരം ഒരു നേട്ടം ടീമിന്റെ മൊത്തം ആത്മവിശ്വാസം കൂട്ടിയെന്നും സമദ് പറയുന്നു. ഖത്തറിനെതിരേ നിര്‍ണ്ണായക പോയിന്റ് നേടിയതോടെ ബംഗ്ളാദേശിനും അഫ്ഗാനിസ്ഥാനും എതിരേയുള്ള അടുത്ത രണ്ടു മത്സരങ്ങളും ജയിക്കണമെന്ന സ്ഥിതിയിലായി. ഒമാനെ നമ്മള് ശരിക്കും ഞെട്ടിച്ചു. നമ്മുടെ മികവും കാര്യക്ഷമതയും എത്രമാത്രം മെച്ചപ്പെട്ടെന്ന് കാണിക്കുന്നതായിരുന്നു ആ മത്സരം.
ഒമാനെതിരേ 1-0 ന് മുന്നിട്ട് നിന്ന ശേഷം അവസാനത്തെ എട്ടു മിനിറ്റില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ഇന്ത്യയൂടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയത്. ഗുവഹത്തിയില്‍ നടന്ന മത്സരത്തില്‍ അത്രയും സമയം ലീഡ് നില നിര്‍ത്താനായത് തന്നെ വലിയ കാര്യമാണെന്ന് സഹല്‍ കരുതുന്നു. ഒമാനെതിരേ ഇന്ത്യയ്ക്ക് എവേ മാച്ച് നവംബര്‍ 2 നാണ് ഖത്തറിനെതിരേയുള്ള ഹോംമാച്ച് അടുത്ത മാര്‍ച്ചിലും.
ഖത്തറിനെതിരേ സഹല്‍ ഗോളിന് തൊട്ടടുത്ത് വരെ എത്തിയതായിരുന്നു. രണ്ടാം പകുതിയില്‍ ഒരു കൗണ്ടര്‍ ഇന്ത്യ നെയ്തെടുത്തു. അനിരുദ്ധ് ഥാപ്പ എടുത്ത കോര്‍ണറില്‍ നിന്നും സഹലിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഇടംകാലന്‍ വോളി നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. കളിയുടെ ഒഴുക്കിനിടയില്‍ അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ മികച്ച അവസരമായിരുന്നു അത്. എന്നാല്‍ ഭാഗ്യം തുണച്ചില്ല. ഫുട്ബോളില്‍ കിട്ടുന്ന അവസരം ഉപയോഗിക്കുക. അതാണ് വ്യത്യസ്തതയെന്നും താരം പറയുന്നു. ആക്രമണം മറക്കാതെയുള്ള പ്രതിരോധ തന്ത്രമായിരുന്നു ഖത്തറിനെതിരേ ഇന്ത്യന്‍ പരിശീലകന് സ്റ്റിമാക്ക് നടപ്പിലാക്കിയത്.





