ബംഗളുരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഐ.എസ്.ആര്.ഒ ഉപേക്ഷിക്കുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനൗസ്ഥാപിക്കാന് സാധിച്ചിട്ടില്ലെന്ന് ഐ.എ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന് വ്യക്തമാക്കി. ലാന്‍ഡറിന്റെ ആയുസ് തീര്‍ന്നതോടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഐ.എസ്.ആര്.ഒ ഉപേക്ഷിച്ചുവെന്നാണ് സൂചന. 14 ചാന്ദ്രപകലാണ് വിക്രം ലാന്‍ഡറിന്റെ ആയുസ്.
ലാന്‍ഡറിന്റെ ബാറ്ററിക്ക് 14 ദിവസത്തെ ആയുസാണുള്ളത്. പൂര്‍ണമായും സൗരോര്‍ജത്തിലാണ് ഇതിന്റെ ബാറ്ററി പ്രവര്‍ത്തിക്കുന്നത്. ചാന്ദ്രപകലിന്റെ തുടക്കം കണക്കിലെടുത്താണ് സെപ്റ്റംബര്‍ 7ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്.
വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചരിഞ്ഞ നിലയിലാണ് അത് ചന്ദ്രോപരിതലത്തില്‍ ഉള്ളതെന്നും കണ്ടെത്തിയിരുന്നു. കുടാതെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും ഐ.എസ്.ആര്.ഒ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചാന്ദ്രപകല്‍ അവസാനിച്ചതോടെ ഈ പ്രതീക്ഷയും നഷ്ടപ്പെട്ടു.
അതേസമയം ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു. ഓര്‍ബിറ്ററില്‍ എട്ട് ഉപകരണങ്ങളാണുള്ളത്. ഈ ഉപകരണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. അടുത്ത പരിഗണന ഗഗന്യാന് മിഷനാണെന്നും കെ. ശിവന് വ്യക്തമാക്കി.






