ന്യുഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. രാഷ്ട്രീയ പാര്‍ട്ടികളോടും സ്ഥാനാര്ത്ഥികളോടുമായാണ് കമ്മീഷന്റെ അഭ്യര്‍ത്ഥന. പ്ലാസ്റ്റിക്കും പോളിത്തീനും പ്രകൃതിക്ക് ദോഷമാകുന്ന മറ്റ് വസ്തുക്കളും പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെയാണ് പ്രകൃതി സൗഹാര്‍ദപരമായ വസ്തുക്കള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 21നാണ് ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെുപ്പുകള്‍ നടക്കുക. ഓക്ടോബര്‍ 24ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും കര്‍ണാടകയിലെ കൂറുമാറിയ 15 മണ്ഡലങ്ങളിലേക്കും ഉള്‍പ്പെടെ 64 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.






