
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ക്ലീന്‍ ചിറ്റ് ഇല്ല. നാളെ മുന്‍ പൊതുമരാമത് സെക്രട്ടറി ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരം പുതിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തും. കരാര്‍ ലംഘിച്ച് പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിക്ക് ഗുരുതര പിഴവെന്ന് ഹൈക്കോടതിയില്‍ നല്കുന്ന പുതുക്കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് നല്‍കും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്താനാണ് നാളത്തെ ചോദ്യം ചെയ്യലില്‍ വിജിലന്‍സിന്റെ നീക്കം.
പാലം അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന ഫയല്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിലപാട്. ഗൂഢാലോചനയിലടക്കം മുന്‍ മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതക്കാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
ആര്.ഡി.എസ് പ്രൊജക്ട്സിന് പലിശരഹിത മുന്‍കൂര്‍ പണം നല്കാന് മുന്‍ മന്ത്രി ഉത്തരവിട്ടാണ് സൂരജ് വെളിപ്പെടുത്തിയത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവെലപ്പ്മെന്റ് കോര്പ്പറേഷന് കേരളയുടെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അുവദിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്.ഡി.എസ് കമ്പനിയ്ക്ക് നല്‍കിയതെന്നത് ശരിയാണെന്ന് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനം തന്റേതല്ലെന്നും ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടിരൂപ കമ്പനിയ്ക്ക് നല്കാന് രേഖാമൂലം ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ സൂരജ് വെളിപ്പെടുത്തിയത്.




