
മലപ്പുറം/കണ്ണൂര്‍: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി മുസ്ലിംലീഗില്‍ പൊട്ടിത്തെറി. ഇന്നലെ നടത്താനിരുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം തര്‍ക്കത്തെത്തുടര്‍ന്നു മാറ്റി. മഞ്ചേശ്വരത്തിനു പുറത്തുള്ളവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. യൂത്ത്ലീഗിലെ ഉപ്പള ഉള്‍പ്പടെയുള്ള പ്രാദേശിക സമിതികളിലെ നേതാക്കള്‍ പാണക്കാട് തങ്ങളുടെ തറവാടിനു മുന്നില്‍ പ്രതിഷേധിച്ചു. മുസ്ലിംലീഗിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി. കമറുദ്ദീന്റെ പേരുന്നയിച്ചപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്.
കന്നഡ ഭാഷാമേഖലയില്‍ സ്വാധീനമുള്ള യൂത്ത്ലീഗ് നേതാവ് എ.കെ.എം. അഷ്റഫിനെ കളത്തിലിറക്കണമെന്നാണു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വാദം. ഇന്നു പ്രശ്നത്തില്‍ ഒരു ഒത്തുതീര്പ്പുണ്ടാക്കാമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് മുറ്റത്തു യുവാക്കളുടെപ്രതിഷേധ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.
മണ്ഡലം, ജില്ലാ, പ്രാദേശിക സമിതികളുമായൊക്കെ ചര്‍ച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എളുപ്പത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്നലെ ലീഗ് നേതൃത്വം പാണക്കാട്ട് യോഗം ചേര്‍ന്നത്. എം.സി കമറുദ്ദീന് കാലങ്ങളായി കാസര്‍കോട് ജില്ലയില്‍ ലീഗിന്റെ ഭാരവാഹിയാണ്.
പല തെരഞ്ഞെടുപ്പുകളിലും കമറുദ്ദീന്റെ പേര് ഉയര്‍ന്നുവന്നിരുന്നതാണ്. ഇത്തവണ അദ്ദേഹത്തെക്കൂടി സജീവമായി പരിഗണിച്ച് മുന്നോട്ടുപോകണമെന്ന ധാരണയാണ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാല്‍ ഈ പേര് ഉന്നയിച്ചതോടെ പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തര്‍ക്കത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ കാസര്‍കോട്ടെ മുന്‍ എം.എല്‍.എ: സി.ടി. അഹമ്മദലിയെ സമവായ സ്ഥാനാര്‍ഥിയായി ഇറക്കാനും ആലോചന നടക്കുന്നുണ്ട്.
ഏഴു തവണ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിര്‍ന്ന നേതാവാണ് സി.ടി. അഹമ്മദ് അലി. മഞ്ചേശ്വരത്തെ ശക്തമായ വോട്ടു വിഹിതത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ച ഭൂരിപക്ഷത്തിന്റെപേരിലും യു.ഡി.എഫ്. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണു ലിഗിലെ പൊട്ടിത്തെറി.
യു.ഡി.എഫില്‍ മാത്രമല്ല, എന്‍.ഡി.എയിലും ഇടുതുമുന്നണിയിലും സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. മോഡി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്ത എ.പി അബ്ദുള്ളക്കുട്ടിയുടെ പേര് ഒരു ഘട്ടത്തിലും ഉയര്‍ന്നു വന്നില്ലെങ്കിലും ആ ചര്‍ച്ചകള്‍ ബി.ജെ.പി. പൂര്‍ണമായി തള്ളി. സംഘടനാപരമായി മണ്ഡലത്തില്‍ ബി.ജെ.പി. കൂടുതല്‍ ശക്തിപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍.
അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും എല്‍.ഡി.എഫിന്റെയും വോട്ടുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന് പോയിട്ടുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഉണ്ണിത്താന് ഹിന്ദു സ്ഥാനാര്‍ത്ഥിയായതിനാലാണ് അതു സംഭവിച്ചിരിക്കുന്നതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. എല്‍.ഡി.എഫിനോടുള്ള ജനങ്ങളുടെ എതിര്‍പ്പു കൂടിയാണ് ഉണ്ണിത്താന്റെ വോട്ടായി മാറിയത്.
തങ്ങളുടെ ഉറച്ച വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുറത്തുപോയ വോട്ടുകളും തിരിച്ചു കൊണ്ടുവരാന്‍ ഉപതെരഞ്ഞെടുപ്പില്‍ സാധിക്കും. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ബി.ജെ.പിയുടെ വോട്ടു വിഹിതം മഞ്ചേശ്വരത്ത് വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ നിരത്തി നേതൃത്വം വാദിക്കുന്നു. കഴിഞ്ഞ തവണ പുറത്തുനിന്നു വന്ന കെ. സുരേന്ദ്രനാണു ജയത്തിന് സമീപത്തെത്തിയത്. അതുകൊണ്ട് സ്ഥാനാര്‍ഥിക്കല്ല ഇവിടെ പ്രാധാന്യമെന്ന് പറയുമ്പോഴും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ബി.ജെ.പി. ആശയക്കുഴപ്പത്തിലാണ്. പ്രാദേശിക നേതാക്കള്‍ക്കായിരിക്കും കൂടുതല്‍ പരിഗണനയന്ന സൂചനയാണ് ലഭിക്കുന്നത്.
മത്സരിക്കാനില്ലെന്നു കെ. സുരേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച രവീശതന്ത്രി കുണ്ടാറിന്റെയും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സതീശന് ഭണ്ഡാരിയുടെയും പേരുകള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. സതീശന് ഭണ്ഡാരിക്കാണ് കൂടുതല്‍ സാധ്യത. കെ.ആര് ജയാനന്ദയുടെ പേരാണ് ഇടതു സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമമായി ഉള്ളത്. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പുവിനെയാണ് പാര്‍ട്ടിക്ക് കൂടുതല്‍ താല്പര്യമെങ്കിലും മത്സരിക്കാനില്ലെന്ന് കുഞ്ഞമ്പു പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.






