
കൊച്ചി : െവെദ്യുതി വിഛേദിക്കാന്‍ കെ.എസ്.ഇ.ബി. നോട്ടീസ്, ജനറേറ്ററുമായി ഫ്ളാറ്റ് നിവാസികള്‍. മരിടലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതോടെ ചെറുത്തുനില്ക്കാനുള്ള ശ്രമമമാണ് ഫ്ളാറ്റ് നിവാസികളുടേത്. ജലവിതരണം നിര്‍ത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇന്നലെ കൂറ്റന്‍ ടാങ്കറില്‍ വെള്ളവുമെത്തിച്ചു. െവെദ്യുതി ബന്ധം ഇന്ന് വിഛേദിക്കുമെന്നാണു മുന്നറിയിപ്പ്. ഇതോടെ ജനറേറ്ററുകളില്‍ നിറയ്ക്കാന്‍ ഡീസല്‍ സംഭരിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി, സബ് എന്‍ജിനീയര്‍ കെ.എസ്. സൂര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ നാലു ഫഌറ്റ് സമുച്ചയത്തിലും നോട്ടീസ് പതിച്ചത്.
സംഘര്‍ഷം ഭയന്നു പോലീസ് അകമ്പടിയോടെയാണ് കെ.എസ്.ഇ.ബി. അധികൃതര്‍ ഓരോ ഫ്ളാറ്റിലുമെത്തി നോട്ടീസ് പതിച്ചത്. 350 കുടുംബങ്ങളും അതിലുള്‍പ്പെടുന്ന 1450 പേരുമാണ് നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലുമായുള്ളത്. ഫ്ളാറ്റ് പൊളിക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇവരില്‍ നല്ലൊരു പങ്കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ആശങ്കയേറ്റിയിട്ടുണ്ടെങ്കിലും തിടുക്കത്തില്‍ ഒരു നീക്കവും അവര്‍ പ്രതീക്ഷിക്കുന്നില്ല. ഒഴിഞ്ഞുപോകില്ലെന്നും അവസാനശ്വാസംവരെ ചെറുത്തുനില്ക്കുമെന്നുമാണ് ഫ്ളാറ്റ് നിവാസികള്‍ ഒറ്റക്കെട്ടായി പറയുന്നത്. സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനും മന്ത്രിസഭാ തീരുമാനം. ഫഌറ്റ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു നിര്‍ദേശവും നല്കി.
ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ല. ഒഴിപ്പിക്കപ്പെടുന്നവര്ക്കുള്ള പുനരധിവാസപദ്ധതി യോഗം ചര്‍ച്ച ചെയ്തു. ചട്ടം ലംഘിച്ചു ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. പൊളിച്ചുനീക്കേണ്ട ഫ്ളാറ്റ് സമുച്ചയങ്ങളിലൊന്നായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിലെ അപ്പാര്‍ട്ട്മെന്റ് ഉടമ തൃശൂര്‍ പറയന്‍കടവ് സ്വദേശി താടിക്കാരന് വീട്ടില്‍ ടോണി നല്കിയ പരാതിയില്‍ ബില്‍ഡര്‍മാര്‍ക്കെതിരേ വഞ്ചനാകുറ്റത്തിന് മരട്, പനങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഹോളിഫെയ്ത്ത് കണ്‍സ്ട്രക്ഷന്‍ ഉടമ സാനി ഫ്രാന്‍സിസ്, ആല്‍ഫാ സെറിന്‍ വെഞ്ച്വേഴ്സ് ഉടമ പോള്‍ രാജ്, ജെയിന് ഹൗസിങ് ഉടമകള്‍, ഗോള്‍ഡന്‍ കായലോരം ഉടമകളായ കെ.പി വര്‍ക്കി-വി.എസ് ബില്‍ഡേഴ്സ് എന്നിവര്‍ക്കെതിരേയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതത്.
ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ആയിരത്തിലധികം കെട്ടിടങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മരട് വിവാദത്തിനുശേഷമാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചാലേ അതിന്റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ നല്‍കുന്നത് ആലോചിക്കാനാകൂയെന്നും യോഗം വിലയിരുത്തി.






