
ഭോപ്പാല്‍ : ഇന്ത്യയില്‍ വന്‍ ചര്‍ച്ചയായി മാറിയേക്കാവുന്ന മദ്ധ്യപ്രദേശിലെ പെണ്‍വാണിഭ വിവാദത്തില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയവരി 15 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപിയിലെ വന്‍ നേതാക്കള്‍ക്കൊപ്പം മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണറായിരിക്കുന്ന വ്യക്തി വരെ പ്രതി പട്ടികയില്‍. സംഭവം വലിയ ചര്‍ച്ചയായി മാറിയതോടെ കുടുങ്ങിയ നേതാക്കളുടെ പേരു വിവരം നല്കാന് ആര്‍എസ്എസ്, ബിജെപി നേതൃത്വം മദ്ധ്യപ്രദേശ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രിയും എംഎല്‍എ മാരും രാഷ്ട്രീയ നേതാക്കളും ബിജെപിയില്‍ നിന്നും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ നിലവില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളും പെണ്‍കുട്ടികളുടെ ആതിഥേയത്വം സ്വീകരിച്ചവരാണ്. ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ രണ്ടു കൂട്ടരും കുടുങ്ങിയതോടെ പരസ്പരം പഴിചാരല്‍ തുടങ്ങിയിട്ടുണ്ട്. പഠിക്കാന്‍ മിടുക്കരും പണത്തിന് ആവശ്യമുള്ളവരുമായ സാമ്പത്തീകമായി പിന്നില്‍ നില്ക്കുന്ന വീടുകളിലെ പെണ്‍കുട്ടികളായിരുന്നു ഇരകളാക്കപ്പെട്ടത്. സെപ്തംബര്‍ 18 ന് പിടിയിലായ ഏഴ് പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പണം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
സംഘത്തില്‍ പെട്ട 18 കാരി മോണിക്ക യാദവ് എന്ന പെണ്‍കുട്ടി മാത്രമാണ് അറസ്റ്റിലായവരില്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നത്. ഇവര്‍ നല്കിയ വിവരം അനുസരിച്ച് പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങള്‍ക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. പഠിക്കാന്‍ മിടുക്കിയും പത്താം തരത്തില്‍ നല്ല മാര്‍ക്ക് മേടിച്ചയാളുമാണ് മോണിക്ക. നാലു വിഷയത്തോളം ഡിസ്റ്റിംഗ്ഷന്‍ നേടിയ പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോ റെക്കോഡ് ചെയ്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു സംഘത്തില്‍ പെടുത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പിടയിലായ സംഘത്തിലെ 38 കാരി ശ്വേതാ വിജയ് ജെയ്ന്‍ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രചരണ മുഖമായിരുന്നു . ബിജെപി യുവമോര്‍ച്ചയുമായും ശ്വേതയ്ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. സംഘത്തിലെ മറ്റൊരു ശ്വേതയായ 48 കാരി ശ്വേത സ്വപ്നിയാല്‍ ജയിനു ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിംഗുമായുണ്ടായിരുന്ന ബന്ധവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മാസം 35,000 രൂപ വാടകയുള്ള സിംഗിന്റെ ബംഗ്ളാവിലെ താമസക്കാരി ആയിരുന്നു ശ്വേതയെന്നാണ് ആരോപണം.
ബിജെപി എംഎല്‍എ ദിലീപ് സിംഗിന്റെ വീട്ടില്‍ നിന്നുമാണ് ഇവര്‍ സിംഗിന്റെ വീട്ടില്‍ എത്തിയത്. അതേസമയം നിമാറില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് പിടിയിലായ 34 കാരി ബര്‍ഖാ സോണിയെന്നാണ് ഇതിന് ബിജെപി നല്കുന്ന തിരിച്ചടി. ഇവരുടെ ഭര്‍ത്താവ് കോണ്‍ഗ്രസിന്റെ ഐടി സെല്‍ അംഗമാണെന്നും ബിജെപി പറയുന്നു. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഭോപ്പാലിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തിയിരുന്ന ആര്‍തി ദയാലും രണ്ടാം നേതാവ് ശ്വേത സ്വപ്നിയാല്‍ ജയിനും ചേര്‍ന്നായിരുന്നു സംഘം തുടങ്ങിയത്. തന്റെ എന്‍ജിഒ യ്ക്കായി സര്‍ക്കാര്‍ സ്കീമുകളും ഫണ്ടുകളും ആര്‍തി ഐഎഎസ് ഉദ്യോഗസ്ഥനെ കരുവാക്കി അനുവദിപ്പിച്ചിരുന്നു. പുരുഷന്മാരെ വശീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.
മൂന്ന് കോടി ആവശ്യപ്പെട്ട് ഹര്ഭജന് സിംഗ് എന്നയാളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘത്തെ കുടുക്കിയത്് ഇന്‍ഡോര്‍ മുനിസിപ്പില്‍ കോര്പ്പറേഷന് എഞ്ചിനീയറായ ഹര്ഭജന് പോലീസിനെ സമീപിച്ചു. പണം നല്‍കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പോലീസ് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലില്‍ വന്‍ റാക്കറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുകയുമായിരുന്നു. ഇരകളില്‍' സമുന്നതരായ രാഷ്ര്ടീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. അറസ്റ്റിലായവരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും 4000 ത്തോളം ലൈംഗിക ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്. മെമ്മറി കാര്‍ഡില്‍ നിന്നും സംഘം മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതു കൂടി ചേരുമ്പോള്‍ ക്ളിപ്പുകളുടെ എണ്ണം 5000 കവിയും.






