
പട്ന : ബിഹാറിലെ സിതാമര്‍ഹി ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സുതിഹറിലെ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തുകയായിരുന്നു. കുട്ടിയുടെ അധ്യാപകര്‍ക്കെതിരെയാണ് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അധ്യാപകര്‍ മകനെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കുട്ടി തന്നോട് പലപ്പോഴായി പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. മകനെ മോഷണക്കുറ്റം ചുമത്തി, കാന്റീനില്‍ വച്ച് അധ്യാപകര്‍ മര്‍ദ്ദിച്ചിരുന്നു. മകന്റെ പരാതിയുമായി പ്രിന്‍സിപ്പാളിനെ ചെന്നുകണ്ട തനിക്ക്, ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുഞ്ഞിന് നേരിടേണ്ടി വരില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നുവെന്നും പിതാവ് പറയുന്നു.
ചിലര്‍ പറയുന്നത് മകന് വിഷം കഴിച്ചുവെന്നാണ്. മറ്റുചിലര്‍ പറയുന്നു അവനെ സ്കൂളില്‍വച്ച് കൊന്നതാണെന്നും സുഷില്‍ കുമാര്‍ പറഞ്ഞു.
സുഷില്‍ കുമാറിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






