
ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 60 ഓളം കുരുന്നുകള്‍ കൂട്ടത്തോടെ മരണമടഞ്ഞപ്പോള്‍ പഴിചാരി സര്‍ക്കാര്‍ ജയിലിലടച്ച ഡോ.കഫീല്‍ ഖാനെ ഒടുവില്‍ സര്‍ക്കാര്‍ തന്നെ കുറ്റവിമുക്തനാക്കി. രണ്ടു വര്‍ഷത്തോളം സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ ശേഷമാണ് സര്‍ക്കാര്‍ അന്വേഷണത്തിലൂടെ ഡോക്ടര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നത്. ഡോക്ടര്‍ക്കെതിരായ പ്രധാന ആരോപണങ്ങളെല്ലാം അന്വേഷണ ഏജന്‍സി തള്ളിക്കളഞ്ഞു. അതേസമയം, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ഡോ.കഫീല്‍ ആവശ്യപ്പെട്ടു.
ഗൊരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017 ഓഗസ്റ്റിലാണ് പ്രധാന ശിശുരോഗ വിദഗ്ധനായി ഡോ.കഫീല്‍ അഹമ്മദ് ഖാനെ സര്‍ക്കാര്‍ നിയമിച്ചത്. 63 കുട്ടികള്‍ ജീവശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്നതിന് രണ്ടു ദിവസം മുന്‍പായിരുന്നു നിയമനം. കുട്ടികളുടെ വാര്‍ഡിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അടക്കം ഓക്സിജന്‍ വിതരണം നിലച്ചതോടെയാണ് ഓഗസ്റ്റ് 10,11 ദിവസങ്ങളലായി കുട്ടികള്‍ മരണപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഹിമാംഷുകുമാര് ഉള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് 2019 ഏപ്രിലില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 15 പേജുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച കഫീല്‍ അഹമ്മദ് ഖാനും കൈമാറി. 'കൊലയാളി' വിളി മാറിയെന്നും കഫീല്‍ ടാന്‍ പറഞ്ഞു.
മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുമ്പോള്‍ സമീപത്തുള്ള ആശുപത്രികളില്‍ സ്വന്തം വാഹനവുമായി ഓടിനടന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചുകൊണ്ടുവന്ന കഫീല്‍ ഖാന് സര്‍ക്കാര്‍ കൊടുത്ത അംഗീകാരം സസ്പെന്ഷന് ആയിരുന്നു. നടപടി സ്വീകരിക്കുന്നതില്‍ കഫീല്‍ ഖാന് പരാജയപ്പെട്ടുവെന്നും അടിയന്തര സാഹചര്യം ഉന്നതാധികാരികളെ ധരിപ്പിക്കുന്നതില്‍ പാളിച്ച സംഭവിച്ചുവെന്നും കാണിച്ചാണ് യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെ സസ്പെന്റു ചെയ്തത്.
കഫീല്‍ ഖാനെയും മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അടക്കം ഒമ്പത് പേരും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. 2017 സെപ്തംബര്‍ രണ്ടിന് കഫീല്‍ ഖാനെ അറസ്റ്റു ചെയ്തു ജയിലിടച്ചു. എട്ടുമാസങ്ങള്‍ക്കു ശേഷം ഡോക്ടര്‍ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
അതേസമയം, യഥാര്‍ത്ഥ കുറ്റവാളികളെ സര്‍ക്കാര്‍ ഇതുവരെ പുറത്തുകൊണ്ടുവന്നിട്ടില്ലെന്ന് കഫീല്‍ ഖാന് പറഞ്ഞു. താന്‍ ബലിയാടാവുകയായിരുന്നു. സര്‍ക്കാര്‍ തന്നോട് മാപ്പുപറയുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു.






