ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെതിരെ വീണ്ടും ആരോപണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട തീരുമാനം ജവഹര്‍ലാല്‍ നെഹ്റു ഒറ്റയ്ക്ക് എടുത്തതാണെന്ന് ഡല്‍ഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ ആരോപിച്ചു. ഇതാകട്ടെ ഹിമാലയന്‍ മണ്ടത്തരവുമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു.
സര്‍ദാര്‍ പട്ടേല്‍ 630 പ്രവിശ്യകളെ ഒന്നിപ്പിച്ചു. നെഹ്റുവിന് ഒരു ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഒന്നിപ്പിക്കുക എന്നതായിരുന്നു നെഹ്റുവിന്റെ ജോലി. എന്നാല്‍ ആ ജോലി പൂര്‍ത്തിയായത് 2019 ഓഗസ്റ്റില്‍ മാത്രമാണ്. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് മോഡി സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്മീരിലെ സംഭവങ്ങളുായി ബന്ധപ്പെട്ട് ഇന്നും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണ്. രാജ്യത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ബന്ധിയാക്കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച രാഷ്ട്രീയ പാര്‍ട്ടികളെയും അമിത് ഷാ വിമര്‍ശിച്ചു. ഷെയ്ഖ് അബ്ദുള്ളയെ 11 വര്‍ഷമായി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ രണ്ട് മാസത്തിനുള്ളില്‍ ആളുകള്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണ്. എത്രയും പെട്ടെന്ന് കശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.






