
ന്യൂഡല്‍ഹി: ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നും തന്നെ ടി.വി ചാനലുകളില്‍ കാണിക്കാന്‍ പാടില്ലെന്ന് പാക്കിസ്ഥാന് അധികൃതര്‍. പാക്കിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.ആര്.എ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെച്ച കാര്യങ്ങള്‍ നല്കാന് പാടില്ല. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഓഗസ്റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പി.ഇ.എം.ആര്.എ പുറത്തിറക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. പാകിസ്താന് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിരോധനം വന്നിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള സിനിമയ്ക്കും ടി.വി പരിപാടികള്‍ക്കും പാകിസ്താനില്‍ നിരോധിച്ചുകൊണ്ട് അടുത്തിടെയാണ് പാകിസ്താന് സുപ്രീംകോടതി ഉത്തരവിറക്കിയത്. അതിനാല്‍ എന്തെങ്കിലും തരത്തില്‍ പി.ഇ.എം.ആര്.എയുടെ ഉത്തരവ് ലംഘിക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കുന്നതായി കണക്കാക്കുമെന്നും അധികൃതര്‍ പാക് ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാനലുകളില്‍ കാണിക്കുന്നതിന് വിലക്കില്ല. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ വാദം മാത്രം പാക് ജനത അറിഞ്ഞാല്‍ മതിയെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് സൂചന. വിഷയത്തില്‍ പാകിസ്താന്റെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്ന യാതൊന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് പി.ഇ.എം.ആര്.എ ഉത്തരവില്‍ വ്യക്തമാക്കുന്നത്.






