
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം, എന്നീ നിയമസഭാ മണ്ഡളങ്ങലിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. അടൂര്‍പ്രകാശ് അയഞ്ഞതോടെ കോന്നിയെ ചൊല്ലി കോണ്‍ഗ്രസ്സിലുണ്ടായ തര്‍ക്കം ഒത്തുതീര്‍ന്നെങ്കിലും വട്ടിയൂര്‍ക്കാവിനെ ചൊല്ലി ബി.ജെ.പിയിലെ തര്‍ക്കം വരും ദിവസങ്ങളിലും രാഷ്ട്രീയ പോരിന് വഴിയൊരുക്കാനാണ് സാധ്യത.
നാമനിര്‍ദേശ പത്രിക സമര്പ്പിക്കെണ്ട അവസാന ദിവസമായ ഇന്നാണ് പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പത്രിക സമര്‍പ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറും ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ് സുരേഷും ഉച്ചയോടെ പത്രിക നല്കി. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് പത്രിക നല്കിയ ശേഷം ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ് സുരേഷ് പ്രതികരിച്ചു. ഇവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തെത്തുമെന്നും സുരേഷ് പറഞ്ഞു.
കോന്നിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.യു ജനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും ഭരണാധികാരക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രന് എത്തിയത് എല്‍.ഡി.എഫിനു ഗുണം ചെയ്യുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ ശ്രീധരന് പിള്ളയ്ക്കും ബി.ഡി.ജെ.എസ് നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇത്തവണ ജയിക്കാനുള്ള പോരാട്ടമാണ് തന്റേതെന്നായിരുന്നു കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പത്രിക നല്കിയ ശേഷം പ്രതികരിച്ചത്.
അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവും ഇന്നാണ് പത്രിക കൈമാറിയത്. തെരഞ്ഞടുപ്പില്‍ ജയിക്കുമെന്നും വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്, എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാല്‍ എന്നിവരും ഇന്ന് പത്രിക സമര്‍പ്പിച്ചു.
മഞ്ചേശ്വരത്തെ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളും ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, പി കരുണാകരന്, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കൊപ്പമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഡെപ്യൂട്ടി കളക്ടര്‍ എന്‍ പ്രേമചന്ദ്രനു മുന്‍പാകെയാണ് ശങ്കര്‍ പത്രിക സമര്‍പ്പിച്ചത്.
അതേസമയം കോന്നി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള കോണ്‍ഗ്രസ്സ് ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ഇന്ന് താല്കാലിക പരിഹാരമായി.കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ അടൂര്‍ പ്രകാശ് എത്തിയ ശേഷമാണ് കോന്നിയിലെ കോണ്‍ഗ്രസ്സ് പോരിന് താത്കാലിക ശമനം ആയത്. അടൂര്‍ പ്രകാശിനെ കെട്ടിപ്പുണര്‍ന്ന് സന്തോഷം അറിയിച്ചാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥി പി. മോഹന്‍ രാജ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് പോയത്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ബി.ജെ.പിയിലെ തര്‍ക്കത്തിനു ഇന്നും അവസാനമായില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രിക്കെതിരെ പ്രാദേശിക എതിര്‍പ്പ് തുടരുകയാണ്. കുമ്മനം രാജശേഖരനെ ഒഴിവാക്കിയതില്‍ പ്രതിഷേധമുള്ള ആര്.എസ്.എസ് വട്ടിയൂര്‍ക്കാവില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.
പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതൊടെ പോരാട്ട വേദികള്‍ സജീവമാവുകയാണ്. ഒക്ടോബര്‍ ഒന്നിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രികകളുടെ സൂഷ്മ പരിശോധന ഒക്ടോബര്‍ മൂന്നിന് നടക്കും. 21നാണ് വോട്ടെടുപ്പ്. 24നാണ് വോട്ടെണ്ണല്‍.






