
ലഖ്നൗ: '' നീ സിലിണ്ടര്‍ കൊണ്ടു വന്നു അല്ലേ. നിന്നെ പിന്നെ കണ്ടോളാം''. 70 കുട്ടികള്‍ മരണത്തിന് കീഴടങ്ങിയ ഉത്തര്‍പ്രദേശിലെ ശിശുമരണ സംഭവത്തിന് പിന്നാലെ 2017 ആഗസ്റ്റ് 11 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ വിളിച്ചു പറഞ്ഞതാണ് ഇത്. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരന്തം ഉണ്ടാക്കിയ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ യോഗി തന്നെ ബലിയാടാക്കുകയായിരുന്നെന്ന് ഡോ. കഫീല്‍ ഖാന് പറഞ്ഞു.
യോഗിയുടെ ഈ നാലു വാക്കുകള്‍ തന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ദുരന്തത്തിന് കാരണക്കാരായവരെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തന്നെ കുരുക്കിയതാണെന്ന് പിന്നീടാണ് മനസ്സിലായത്. രണ്ട് വര്‍ഷമാണ് താനും കുടുംബവും അനുഭവിച്ചതെന്നും പറഞ്ഞു. കുട്ടികളുടെ മരണം മനുഷ്യ നിര്‍മ്മിത കൂട്ടക്കൊലയായിരുന്നുവെന്നും കുടിശ്ശിക കാണിച്ച് പുഷ്പ സെയില്‍സ് അയച്ച കത്തുകള്‍ക്ക് മറുപടി നല്കാന് കൂട്ടാക്കാതിരുന്നവരാണ് ഉത്തരവാദികള്‍. 2017 ഏപ്രില്‍ ആറിനായിരുന്നു പുഷ്പാ സെയില്‍സിന്റെ ആദ്യ കത്ത് കിട്ടിയത്. മനീഷ് ഭണ്ഡാരി എന്നയാള്‍ ആയിരുന്നു കത്തെഴുതിയത്്. മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും തനിക്ക് തരാനുള്ള പണം നല്‍കിയില്ലെങ്കില്‍ ഓക്സിജന്‍ വിതരണം നിര്‍ത്തുമെന്നായിരുന്നു കത്തില്‍.
എന്നാല്‍ കമ്മീഷനു വേണ്ടി അധികൃതര്‍ പണം അടച്ചില്ല. കുട്ടികളുടെ മരണം കൂട്ടക്കൊലയാണെന്ന് താന്‍ ഇപ്പോഴും ആരോപിക്കുന്നു. കുട്ടികളെ രക്ഷിക്കാന്‍ കഠിനമായി പ്രയത്നിച്ചിട്ടും 70 ജീവനുകള്‍ പൊലിഞ്ഞു പോയെന്നും കഫീല്‍ ഖാന് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 2017 ആഗസ്റ്റ് 10 നായിരുന്നു കൂട്ട ശിശുമരണം നടന്നത്. ഈ ആശുപത്രി നില നില്‍ക്കുന്നത് യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലുമായിരുന്നു. ആഗസ്റ്റ 10 ന് രാത്രിയില്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതായിരുന്നു കുട്ടികള്‍ മരിക്കാന്‍ കാരണമായി കണ്ടെത്തിയത്. എന്നാല്‍ ഓക്സിജന്‍ വിതരണ പ്രശ്നം കൊണ്ടല്ല മറിച്ച് കുട്ടികള്‍ക്ക് ജപ്പാന് ജ്വരം പോലെയുള്ള അസുഖങ്ങള്‍ ബാധിച്ചതാണ് കാരണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ഒമ്പതു മാസത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന കഫീല്‍ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. അതിനിടെ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ ഡോ കഫീല്‍ ഖാന് നിരപരാധിയാണെന്ന് കാണിച്ച് കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഫീല്‍ ഖാന!്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന് രക്ഷിക്കാനായി സ്വന്തം നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഫീല്‍ ഖാനെതിരെ അന്വേഷണം നടത്തിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഹിമാന്‍ഷു കുമാര്‍ ഏപ്രിലിലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല.






