
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന് താത്കാലിക ആശ്വാസം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് നവംബര്‍ പതിനാലിലേക്ക് മാറ്റി. അതിനിടെ ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്രം പുതിയ സത്യവാങ്മൂലം നല്കി.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും രണ്ടായി വിഭജിക്കുന്നതിനും എതിരെയുള്ള ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. പത്തിലധികം ഹര്‍ജികളില്‍ വ്യത്യസ്ഥ വാദമാണുള്ളതെന്നും ഇതിന് മറുപടി നല്കാന് സമയം വേണമെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മറുപടി നല്‍കാനായി ഒരു മാസത്തിലധകം സമയം ഇതിനോടകം നല്കി കഴിഞ്ഞെന്നും ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരുടെ അഭിഭാഷകന് രാജു രാമചന്ദ്രന് ഈ നിര്‍ദേശത്തെ എതിര്‍ത്തു. ഈ വാദം തള്ളിയ കോടതി കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം നല്കി. ഒരേ വിഷയത്തില്‍ ഒരു ലക്ഷം ഹര്‍ജി ആവശ്യമില്ലെന്നും കശ്മീരിന്റെ കാര്യത്തില്‍ ഇനി അപേക്ഷ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് രമണ അറിയിച്ചു.
അടുതത്മാസം 14ന് കേസ് കോടതി വീണ്ടും കേള്‍ക്കും. കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പിന്നീട് മൂന്നംഗ ബഞ്ച് കേട്ടു. വ്യക്തി സ്വാതന്ത്ര്യം രാജ്യസുരക്ഷയ്ക്ക് എതിരാകുന്നത് മാധ്യമ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഭരണഘടനാബഞ്ച് കേസ് അടുത്ത മാസത്തേയ്ക്ക് മാറ്റിയതോടെ ഇതിന് കേന്ദ്രത്തിനു മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്.






