കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന് ജോയിയുടെ ദുരൂഹമരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ സുരേഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. ഇതോടെ ഒളിവിലുള്ള ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേസമയം ജോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും കെ. കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലും റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഞ്ഞികൃഷ്ണന് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രായാധിക്യം പരിഗണിച്ചാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലുള്ള ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ്, അബ്ദുള്‍ സലീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ട്. ഈ കെട്ടിടത്തിലാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഭിക്കാനുള്ള പണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ജോയി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയിയെ കാണാതായത്. തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ രേഖകള്‍ കൈക്കലാക്കിയ ശേഷം ജോയിയെ കൊന്നതാണെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ തുറന്ന കത്ത് എഴുതുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ കെ. കുഞ്ഞികൃഷ്ണന് നായര്‍, കെ.കെ സുരേഷ് കുമാര്‍, റോഷി തോമസ്, ടോമി പ്ലാച്ചേരി, ടി.വി അബ്ദുള്‍ സലീം, പി.എസ് സോമന്, സി.ഡി സ്കറിയ എന്നിവരാണ് കേസിലെ പ്രതികള്‍.






