
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി സമന്‍സ് അയച്ചു. വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഒക്കറന്‍സ് റിപ്പോര്‍ട്ട് ക്രിമിനല്‍ കേസായി പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന് നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് മജിസ്ട്രറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കക്ഷി ചേരാനുള്ള പൗലോസിന്റേതടക്കമുള്ള ഹര്‍ജിയില്‍ കോടതി പ്രാഥമിക വാദം കേട്ടു. കേസ് കൂടുതല്‍ നടപടികള്‍ക്കായി അടുത്ത മാസത്തേയ്ക്ക് മാറ്റി വച്ചു.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍ കൃഷ്ണ കുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണ കുമാര്‍, ചെന്നൈ പെനിന്‍സുല സ്വദേശി ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന് എന്നിവരാണ് കേസിലെ രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികള്‍. സെപ്തംബര്‍ 16നാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സെപ്തംബര്‍ 30നാണ് ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം കോടതിയ്ക്ക് കൈമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാര്‍ മുതലായ ആനക്കൊമ്പുകള്‍ സംബന്ധിച്ച് സര്‍ക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നല്‍കാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചിരുന്നു. വനം വകുപ്പ് 2012 ല്‍ എടുത്ത കേസില്‍ ഒരു തുടര്‍ നടപടിയും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. എഫ്ഐആറിലെ തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.
മോഹന്‍ലാലിന്റെ പരാതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യവനപാലകന് അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് മറ്റു പ്രതികള്‍ ഉപഹാരമായി നല്‍കിയതാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ കൈവശാനുമതി നല്‍കുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസില്‍ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.






