
മാവേലിക്കര: പോലീസ് വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്ത മൂലം മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലെ ഗതാഗതം തടസ്സപ്പെട്ടതായി പരാതി. ഇന്ന് രാവിലെ 10. 30ന് മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറുഭാഗം റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ ഇറങ്ങി പോകുകയായിരുന്നു.
വാഹനത്തിന്റെ മൂക്കാല്‍ ഭാഗത്തോളം റോഡിലേക്ക് കയറി കിടന്നതിനാല്‍ ഈ റൂട്ടിലൂടെ യാത്ര ചെയുന്ന നിരവധിപ്പേരാണ് ദുരിതത്തിലായത്.
മിച്ചല്‍ ജംഗ്ഷനില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥപോലുമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികളും യാത്രക്കാരും പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചിട്ടും വാഹനം സ്ഥലത്തു നിന്ന് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.
മിച്ചല്‍ ജംഗ്ഷനിലും പരിസരത്തും അനധികൃത പാര്‍ക്കിംഗിന് പോലീസ് കര്‍ശന നടപടി സ്വീകരിക്കുമ്പോഴാണ് സ്വന്തം വാഹനം മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചതും അത് പരിഹരിക്കാന്‍ തയ്യാറാകാതിരുന്നതുമെന്നാണ് നാട്ടുകാരുടെ പരാതി.






