
കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി സ്ത്രീധന പീഡനത്തിനിരയായിരുന്നെന്ന് വെളിപ്പെടുത്തല്‍. സിലിയുടെ ബന്ധു എ.ടി രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിലിയെ ഷാജു മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും അദ്ദേഹം വളിപ്പെടുത്തി. ഇക്കാര്യം സിലി ബന്ധുക്കളെ അറിയിച്ചിരുന്നെന്നും എ.ടി രാജു പറഞ്ഞു.
ഷാജുവും ഷാജുവിന്റെ വീട്ടുകാരും സിലിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ കൊലപാതകവുമായി ഷാജുവിന് ബന്ധമുണ്ടെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു. ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീധനം ചോദിച്ചുള്ള പീഡനം ആണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. -എ.ടി രാജു ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം ജോളിയുടെ പുറത്തെത്തുന്ന മൊഴികള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്‍സണുമൊത്ത് ജീവിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ വരെ പദ്ധതിയിട്ടതായുമാണ് പുതിയ മൊഴി. ഇന്നലെ ജോളിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരിക്കുന്നത്. ജോളി നിരന്തരം കോയമ്പത്തൂര്‍ യാത്ര നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അടുത്ത സുഹൃത്തും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ ജോണ്‍സണെ കാണാനാണ് ജോളി കോയമ്പത്തൂര്‍യാത്ര നടത്തിയതെന്നാണു സൂചന. ഓണാവധി സമയത്ത് കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മക്കളോട് പറഞ്ഞ ശേഷം ജോളി കോയമ്പത്തൂരിലേക്ക് പോകുകയും അവിടെ ഏതാനും ദിവസം തങ്ങുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ മൊെബെല്‍ ഫോണിന്റെ ആറുമാസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ബി.എസ്.എന്‍.എലില്‍ ജോലിക്കാരനായ ജോണ്സണ് താമസിച്ചിരുന്നത് കോയമ്പത്തൂരായിരുന്നു.
ജോണ്‍സണെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് കക്കയം സ്വദേശിയായ ഇയാള്‍ ജോളിയുമായി അടുപ്പത്തിലാണ്. പലതവണ ഇവര്‍ ഒരുമിച്ചു വിനോദയാത്ര പോയതായും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മക്കള്‍ ഒരേ സ്കൂളില്‍ പഠിച്ചപ്പോഴുള്ള ബന്ധമാണ് പുതിയ തലത്തിലേക്ക് എത്തിയതെന്നാണു പോലീസ് നല്കുന്ന സൂചന. കഴിഞ്ഞ ഓണക്കാലത്ത് കോയമ്പത്തൂരില്‍ എത്തിയ ജോളി രണ്ടുദിവസം അവിടെ താമസിച്ചു. ഓണത്തിന് അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നു ജോളിയുടെ മകന് റോജോ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. കട്ടപ്പനയിലെ ബന്ധുക്കളുടെ അടുത്തേക്കു പോകുകയാണെന്നാണു കുട്ടികളോടു പറഞ്ഞത്. കട്ടപ്പനയില്‍ രണ്ടു ദിവസം മാത്രമാണു തങ്ങിയത്. അതിനുശേഷം കോയമ്പത്തൂരിലേക്കു പോയതായി മൊെബെല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്നു






