
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ചതുപ്പ് നിലങ്ങളില്‍ നിന്നും പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയകളെ കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍. പ്രകൃതി സൗഹാര്‍ദപരമായി പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യുന്നതിലേക്ക് വഴിതെളിയിച്ചേക്കാവുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ഗ്രേറ്റര്‍ നോയിഡയിലെ ശിവ് നാടാര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ബാക്ടീരിയകളെ കണ്ടെത്തിയത്. ഡിസ്പോസിബിള്‍ ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, പാക്കേജിങ് ഉത്പന്നങ്ങള്‍ എന്നിവയിലെ പ്രധാന ചേരുവയായ പോളിസ്റ്റൈറൈന്‍ ദ്രവിപ്പിക്കാന്‍ ഈ ബാക്ടീരിയകള്‍ക്ക് സാധിക്കും.
എക്സിഗുവോ ബാക്ടീരിയം സിബിരികം സ്ട്രെയ്ന്‍ ഡി 11, എക്സിഗുവോ ബാക്ടീരിയം അണ്ഡെ സ്ട്രെയ്ന്‍ ഡിആര്‍ 14 എന്നീ ബാക്ടീരിയ സ്പീഷീസുകളെയാണ് കണ്ടെത്തിയത്. ഉയര്‍ന്ന തന്മാത്രാ ഭാരം കാരണം പോളിസ്റ്റൈറൈനിന് അപചയം സംഭവിക്കാറില്ല. ഇക്കാരണത്താലാണ് പ്ലാസ്റ്റിക് നശിക്കാതെ പ്രകൃതിയ്ക്ക് ഭീഷണിയാകുന്നത്.
ശിവ് നാടാര്‍ സര്‍വ്വകലാശായിലെ അസോസിയേറ്റ് പ്രൊഫസര്‍ പ്രിയദര്‍ശിനിയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് നാച്ചുറല്‍ സയന്‍സിലേയും ലൈഫ് സയന്‍സ് വിഭാഗത്തിലേയും ഗവേഷക സംഘമാണ് ബാക്ടീരിയയെ കണ്ടെത്തിയത്. വൈവിധ്യങ്ങളായ സൂക്ഷ്മ ജീവികളുടെ വിഹാര കേന്ദ്രങ്ങലാണ് ചതുപ്പ് നിലങ്ങള്‍. അത് കൊണ്ട് തന്നെ നൂതനമായ ജൈവ സാങ്കേതിക വിദ്യകളിലൂടെ ബാക്ടീരിയകളെ വേര്‍തിരിച്ചെടുക്കാന്‍ പറ്റിയ ഇടവും ചതുപ്പ് നിലങ്ങളാണെന്ന് പ്രിയദര്‍ശിനി പി.ടി.ഐയോട് പറയുന്നു.
ഗവേഷകര്‍ കണ്ടെത്തിയ രണ്ട് ബാക്ടീരിയകള്‍ അവയ്ക്കാവശ്യമായ കാര്‍ബണ്‍ ഉറവിടമായാണ് പോളിസ്റ്റൈറൈനുകളെ ഉപയോഗിക്കുന്നത്. ഇത് പോളിസ്റ്റൈറൈനിന്റെ ഭൗതിക സവിശേഷതകളില്‍ മാറ്റം വരുത്തുന്നുവെന്നും ഒപ്പം സ്വാഭാവിക നശീകരണ പ്രക്രിയയ്ക്കും ഹൈഡ്രോലൈസിങ് എന്‍സൈമുകള്‍ പുറത്ത് വിട്ട് പോളിമര്‍ ശൃംഖല തകര്‍ക്കുകയും ചെയ്യും. കണ്ടെത്തിയ ബാക്ടീരിയകളെ പ്ലാസ്റ്റിക് ദ്രവീകരണത്തിനായി ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണ് ഗവേഷകരിപ്പോള്‍.






