
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് കുറ്റപത്രം. പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ് 83-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
സഹോദരങ്ങളായ അഖില്‍, രാഹുല്‍ ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. അഖിലും കൊല്ലപ്പെട്ട രാഖിയുമായി അടുപ്പത്തിലായിരുന്നു. എറണാകുളത്ത് വച്ച് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. പക്ഷെ ഇതിനിടെ അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിനെ രാഖി എതിര്ത്തനിനെ തുടര്‍ന്നാണ് കൊലപാതകം പ്രതികള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രം.
ജൂണ്‍ 21ന് അഖില്‍ നെയ്യാറ്റിങ്കരയിലേക്ക് രാഖിയെ വിളിച്ചു വരുത്തി. സുഹൃത്തിന്റെ കാറില്‍ കയറ്റി ആമ്പൂരിയില് പണി കഴിപ്പിക്കുന്ന വീട്ടിലേക്ക് കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. വഴിമധ്യേ വച്ച് കാറില്‍ കയറിയ രാഹുലാണ് പിന്നീട് വാഹനമോടിച്ചത്. പിന്‍സീറ്റിലിരുന്ന അഖില്‍ രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചു. പിന്നെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി.
ഒന്നും രണ്ടും പ്രതികളും അയല്‍വാസിയുമായ ആദര്‍ശും ചേര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. രാഖിയുടെ വസ്ത്രങ്ങളും ബാഗും മൊബൈല്‍ ഫോണും പ്രതികള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചു. ജൂലൈ 26നാണ് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പ്രതികളെ പിടികൂടിയിരുന്നു.
നെയ്യാറ്റിന്‍കര കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ 115 സാക്ഷികളും 150ലേറെ തൊണ്ടിമുതലുകളുമുണ്ട്. പൂവാര്‍ സി.ഐ രാജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.






