ലഖ്നൗ: ഹിന്ദു മഹാസഭയുടെ മുന്‍ നേതാവും നിലവില്‍ ഹിന്ദു സമാജ് നേതാവുമായ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. തിവാരിയുടെ ലഖ്നൗവിലെ ഓഫീസില്‍ വച്ചായിരുന്നു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി വസ്ത്രധാരികളായി എത്തിയവര്‍ തിവാരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്. ഓഫീസിനുള്ളില്‍ കടന്നയുടന്‍ തിവാരിക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ് വീണ തിവാരിടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമികള്‍ തിവാരിയുടെ പരിചയക്കാര് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലേക്ക് എത്തുന്നതിന് മുമ്പ് ഇവര്‍ തിവാരിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെടിയുതിര്‍ത്ത ശേഷം മരണം ഉറപ്പാക്കാന്‍ തിവാരിയുടെ കഴുത്തറുത്ത ശേഷമാണ് അക്രമികള്‍ രക്ഷപെട്ടത്.
തിവാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് ലഖ്നൗവില്‍ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തിവാരിയുടെ അനുയായികള്‍ സംഘം ചേര്‍ന്നെത്തി നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കിയതായി ലഖ്നൗ എസ്.എസ്.പി കലാനിധി നൈതാനി അറിയിച്ചു.






