ലഖ്നൗ: ലഖ്നൗവില്‍ കൊല്ലപ്പെട്ട ഹിന്ദു മഹാസഭയുടെ മുന്‍ നേതാവ് കമലേഷ് തിവാരിയുടെ ബന്ധുക്കള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. കൊലപാതകം നടന്ന സ്ഥലത്ത് കമലേഷിന്റെ പ്രതിമ സ്ഥാപിക്കണമെന്നും റോഡിന് കമലേഷിന്റെ പേര് നല്‍കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് തിവാരിയുടെ ഇപ്പോഴത്തെ സംഘടനയായ ഹിന്ദു സമാജ് പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്കി. തിവാരിക്ക് സുരക്ഷ നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നേതാക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ചയാണ് കമലേഷ് തിവാരിയെ അക്രമികള്‍ വെടിവച്ചും കഴുത്തറുത്തും കൊന്നത്. കാവി വസ്ത്രധാരികളായ അക്രമികള്‍ തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറുക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 5 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേരെയും യു.പിയിലെ ബിജ്നോറില് നിന്ന് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന് തിവാരിയുടെ മകന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കമലേഷിന്റെ കൊലപാതകത്തില്‍ ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന് അമ്മ കുസും ആരോപിച്ചു.
ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്. ഓഫീസിനുള്ളില്‍ കടന്നയുടന്‍ തിവാരിക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ തിവാരിടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമികള്‍ തിവാരിയുടെ പരിചയക്കാര് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലേക്ക് എത്തുന്നതിന് മുമ്പ് ഇവര്‍ തിവാരിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെടിയുതിര്‍ത്ത ശേഷം മരണം ഉറപ്പാക്കാന്‍ തിവാരിയുടെ കഴുത്തറുത്ത ശേഷമാണ് അക്രമികള്‍ രക്ഷപെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






