ലഖ്നൗ: ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞുവെന്ന് യു.പി പോലീസ്. കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. മൊയ്നുദീന് പതാന്‍, അഷ്ഫാഖ് ഹുസൈന് എന്നിവരാണ് പ്രതികളെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിംഗ് വ്യക്തമാക്കി. ലഖ്നൗവിലെ ഖല്‍സാ ഇന്‍ ഹോട്ടലില്‍ റൂം എടുത്ത് താമസിച്ച് അവിടെ നിന്നുമാണ് പ്രതികള്‍ കൊലപാതകം നടത്താനായി കമലേഷ് തിവാരിയുടെ ഓഫീസില്‍ എത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ ഹോട്ടലില്‍ അറിയിക്കാതെ മുറി വെക്കേറ്റ് ചെയ്ത് പോയി. യഥാര്‍ത്ഥ ഐഡി കാര്‍ഡ് തന്നെ നല്‍കിയാണ് പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തത്. അതുകൊണ്ടുതന്നെ തങ്ങളുടെ പേര് മറച്ചുവയ്ക്കാന്‍ പ്രതികള്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാണെന്ന് യു.പി ഡി.ജി.പി പ്രതികരിച്ചു.
വെള്ളിയാഴ്ചയാണ് കമലേഷ് തിവാരിയെ അക്രമികള്‍ വെടിവച്ചും കഴുത്തറുത്തും കൊന്നത്. കാവി വസ്ത്രധാരികളായ അക്രമികള്‍ തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറുക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 5 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേരെയും യു.പിയിലെ ബിജ്നോറില് നിന്ന് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന് തിവാരിയുടെ മകന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കമലേഷിന്റെ കൊലപാതകത്തില്‍ ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന് അമ്മ കുസും ആരോപിച്ചു.






