
കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകാന്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലാല്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും സമന്‍സ് അയച്ചു. ക്രിമിനല്‍ കുറ്റമായതിനാല്‍ പ്രതികള്‍ നേരിട്ടു ഹാജരായി ജാമ്യം എടുക്കണം.
കേസില്‍ കഴിഞ്ഞ മാസം-16 നാണു കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മോഹന്‍ലാലാണ് ഒന്നാം പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ. കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന് നാലാം പ്രതിയുമാണ്. പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാരിനെ അറിയിക്കാതിരിക്കുകയും ചെയ്തെന്നാണ് പ്രതികളുടെ പേരിലുള്ള കുറ്റം.
ജാമ്യമെടുത്തശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ പ്രതികളെ വിളിപ്പിക്കുകയാണ് അടുത്ത നടപടി. തുടര്‍ന്നു വിചാരണയുടെ തീയതി നിശ്ചയിക്കും. അതേസമയം, കുറ്റപത്രം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊമ്പുകള്‍ മറ്റൊരാള്‍ക്കു കൈമാറ്റം ചെയ്യാനോ കൈയവശം സൂക്ഷിക്കാനോ നിയമം അനുവദിക്കുന്നില്ലെന്നാണു വനംവകുപ്പിന്റെ വാദം. ഉടമസ്ഥാവകാശം നല്‍കാനും നിയമമില്ല. ആന ചരിഞ്ഞാല്‍ ഉടമയുടെ ജീവിതകാലം കൊമ്പു സൂക്ഷിക്കാം. പിന്‍ഗാമിക്കു കൈമാറ്റം ചെയ്യാനാകാത്തതിനാല്‍ അവ വനംവകുപ്പിനു കൈമാറണം. മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ പിടികൂടുമ്പോള്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. നാലു കൊമ്പുകള്‍ പിടിച്ചെടുത്തതില്‍ രണ്ടെണ്ണം ലാലിന്റെ സ്വന്തം ആനയുടേതാണ്. മറ്റു രണ്ടെണ്ണം സമ്മാനമായി ലഭിച്ചതും. ഇങ്ങനെ കൈമാറ്റം ചെയ്യുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായതിനാല്‍ കുറ്റം നിലനില്‍ക്കുമെന്നു വനംവകുപ്പിനു നിയമോപദേശം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നു വന്നതോടെയാണു ഏഴുവര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വിഭാഗം നടത്തിയ റെയ്ഡില്‍ നാലു ആനക്കൊമ്പ് കണ്ടെത്തിയെന്നാണു കുറ്റപത്രത്തിലുള്ളത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തേ അതൃപ്തി അറിയിച്ചിരുന്നു.
സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്നും 2012 ല്‍ എടുത്ത കേസില്‍ തുടര്‍നടപടി ഇല്ലേയെന്നും കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നു ഗത്യന്തരമില്ലാതെയാണു കുറ്റപത്രം നല്‍കിയത്.
ജെബി പോള്‍






