ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും അഭിജിത്ത് ബാനര്‍ജിക്കെതിരെ വിമര്‍ശനം തുടരുമ്പോഴും പ്രധാനമന്ത്രി മോഡി അദ്ദേഹത്തെ പ്രശംസിക്കുകയും ഒരുമിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. അഭിജിത്ത് ബാനര്‍ജിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മനുഷ്യരുടെ ഉന്നമനത്തിനായുള്ള അദ്ദേഹം പ്രത്യക്ഷത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ നിര്‍മ്മാജനത്തിന് അഭിജിത്ത് ബാനര്‍ജി നല്കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഭിജിത്ത് ബാനര്‍ജിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിയെ നൊബേല്‍ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ബാനര്‍ജി മുന്നോട്ട് വച്ച ആശയങ്ങള്‍ക്കാണ് പുരസ്കാരം. ഭാര്യ എസ്തര് ഡഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത്ത് പുരസ്കാരം പങ്കിട്ടത്.
അഭിജിത്ത് ബാനര്‍ജിയുടേത് ഇടത് അഭിമുഖ്യമുള്ള ആശയങ്ങളാണെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്ത് വന്നിരുന്നു. ബാനര്‍ജിയുടെ ആശയങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞതാണെന്നും ഗോയല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് ബി.ജെ.പി നേതാക്കളും അണികളും അഭിജിത്ത് ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. അഭിജിത്ത് ബാനര്‍ജിക്ക് ലഭിച്ചത് യഥാര്‍ത്ഥ നൊബേല്‍ സമ്മാനമല്ലെന്നും സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ സമ്മാനമില്ലെന്നും ട്വിറ്ററില്‍ വ്യാപക പ്രചരണം നടന്നിരുന്നു.






