
കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നഗരത്തിന് ദുരിതമായി ഉണ്ടായ വെള്ളക്കെട്ട് രൂപപ്പെട്ട കാര്യത്തില്‍ പരിഹാരത്തിനായി ദൗത്യസംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഉന്നതോദ്യോഗസ്ഥരെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കളക്ടറെ കണ്‍വീനറാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ ദൗത്യസംഘം രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തേ വെള്ളക്കെട്ട് പ്രശ്നത്തില്‍ നഗരസഭയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ചോദിച്ച ഹൈക്കോടതി ജില്ലാ ഭരണകൂടം ഇടപെടാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും പറഞ്ഞു. ദൗത്യത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവരെയും അഭിനന്ദിക്കണമെന്ന് വ്യക്തമാക്കി.നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരസഭ എന്തു ചെയ്തെന്നും ചോദിച്ചു.
ഓടകളിലെ തടസ്സം മാറ്റിയപ്പോള്‍ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ എന്നും ചോദിച്ചു. അതിശക്തമായ മഴയും വേലിയേറ്റവും കാരണമാണ് വെള്ളക്കെട്ട് രൂപപ്പെട്ടതെന്ന കൊച്ചി മേയറുടെ വാദം കോടതി തള്ളി. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നാലു മണിക്ക് കോര്‍പ്പറേഷനോട് പറഞ്ഞിട്ടും എട്ടു മണി വരെ അവര്‍ ഒന്നും ചെയ്തില്ല. എന്നാല്‍ നാലു മണിക്കൂര്‍ കൊണ്ട് സര്‍ക്കാര്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ നടപ്പാക്കിയപ്പോള്‍ സ്ഥിതി പരിഹരിച്ചു. കോര്പ്പറേഷന് തനിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് സമ്മതിച്ചത് തന്നെ വലിയകാര്യമാണെന്നും പറഞ്ഞു.
പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് അഡ്വേക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജില്ലാ കളക്ടറെ അദ്ധ്യക്ഷനാക്കി ഒരു ദൗത്യസംഘം രൂപീകരിക്കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചിരുന്നു. കോര്പ്പറേഷന് സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി തന്നെ വീണ്ടും ഇടപെട്ടിരിക്കുകയാണ്. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 25 ന് തിരുവനന്തപുരത്തേക്ക് കൊച്ചിമേയര്‍, കളക്ടര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ക്ഷണിച്ചിരിക്കുകയാണ്.






