
അഗര്‍ത്തല: കോടികളുടെ അഴിമതിക്കേസില്‍ കുടുങ്ങി മുങ്ങിയ ത്രിപുരയിലെ സിപിഎം നേതാവ് ഒടുവില്‍ അസുഖം കൂടി ചികിത്സയ്ക്ക് എത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രക്കമ്മറ്റി അംഗവുമായ ബാദല്‍ ചൗധരിയാണ് അറസ്റ്റിലായത്. 225 കോടിയുടെ അഴിമതിക്കേസില്‍ ത്രിപുരയിലെ ബിജെപി സര്‍ക്കാരാണ് കേസെടുത്തത്.
ബാദല്‍ ചൗധരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഒളിവില്‍ പോയത്. എന്നാല്‍ ആരോഗ്യനില മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവരം അറിഞ്ഞെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2008 - 2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്തിന്റെ 630 കോടിയുടെ പദ്ധതിയില്‍ 225 കോടിയുടെ അഴിമതി ബാദല്‍ നടത്തിയെന്നാണ് കേസ്. കേസില്‍ നേരത്തേ പി ഡബ്ള്യൂഡി മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാദല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
മൂന് ചീഫ് സെക്രട്ടറി യശ്പാല്‍ സിംഗിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. മൂന്നു പേരും ചേര്‍ന്ന് അഴിമതിക്ക് ഒത്താശ ചെയ്തതായിട്ടാണ് ആരോപണം. ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബാദല്‍ ചൗധരി. കോടതി ജാമ്യം നിഷേധിച്ചതോടെ ഒളിവിലായിരുന്നു. ആറു ദിവസത്തോളം ഇദ്ദേഹത്തിനായി പോലീസ് ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച രാത്രി 9.10 ഓടെ ഭാര്യ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. മുന്‍ മന്ത്രിയെ പിടികൂടാന്‍ കഴിയാത്തതിന്റെ പേരില്‍ മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബ് ഒമ്പതുപേരെ സസ്പെന്റ് ചെയ്തിരുന്നു.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാലു തവണയോളം പൊതുമരാമത്ത് മന്ത്രിയായിരുന്നു ബാദല്‍ ചൗധരി. ഒക്ടോബര്‍ 13 ന് തനിക്കെതിരേ കേസെടുത്തപ്പോള്‍ തന്നെ ഒക്ടോബര്‍ 16 വരെ ചൗധരി ഇടക്കാല ജാമ്യം നേടിയിരുന്നു. എന്നാല്‍ ജാമ്യകാലാവധി നീട്ടി നല്‍കാനുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.






