
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കെത്തുന്ന അഞ്ചു പുതുമുഖങ്ങളെ ഇന്നറിയാം. രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെണ്ണലിന്റെ ഫലം ഉച്ചയോടെ അറിയാനാകും. ഔദ്യോഗിക പ്രഖ്യാപനത്തിന് അഞ്ചു വീതം ബൂത്തുകളിലെ വി.വി. പാറ്റ് രസീതുകളുടെ എണ്ണം ഒത്തുനോക്കുന്നതുവരെ, ഏതാനും മണിക്കൂര്‍ കൂടി കാത്തിരിക്കണം.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന്. യു.ഡി.എഫിലെ പി.വി. അബ്ദുള്‍ റസാക്കിന്റെ നിര്യാണം മൂലമുണ്ടായ ഒഴിവാണു മഞ്ചേശ്വരത്തു നികത്തേണ്ടത്. നിയമസഭാംഗങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയമാണു മറ്റു നാലിടത്തും ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഒരിക്കലും ജയിച്ചിട്ടില്ലാതിരുന്ന പാലായിലെ വിജയം നല്കിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. പോരിനിറങ്ങിയത്.
എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് അരൂര്‍ മാത്രം. വലിയ പ്രതീക്ഷകളുമായി ബി.ജെ.പിയും രംഗത്തുണ്ട്. െപെവളികേ ഗവ: എച്ച്.എസ്. (മഞ്ചേശ്വരം), മഹാരാജാസ് കോളജ് (എറണാകുളം), ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് (അരൂര്‍), എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്. (കോന്നി), പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. (വട്ടിയൂര്‍ക്കാവ്) എന്നിവയാണു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തപാല്‍ ബാലറ്റുകളാകും ആദ്യമെണ്ണുക. വി.വി. പാറ്റുകള്‍ എണ്ണുന്നതു പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.
മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്. ഉപതെരഞ്ഞെടുപ്പുകള്‍ പൊതുവേ ഭരണകക്ഷിക്ക് അനുകൂലമെന്ന അനുഭവവും എല്‍.ഡി.എഫിനു പ്രതീക്ഷ നല്കുന്നു. വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കിയ ആത്മവിശ്വാസത്തിലാണു മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നത്.





