
ചെറുതെങ്കിലും കലഹങ്ങള്‍ ഉണ്ടാകാത്ത ദാമ്പത്തിക ജീവിതം ആര്‍ക്കും തന്നെ ഉണ്ടാകാറില്ല. ചിലപ്പോള്‍ വഴക്കുകള്‍ ദിവസങ്ങളോ മാസങ്ങളോ നീണ്ട് നില്ക്കും. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് പങ്കാളികളോടുള്ള ദേഷ്യവും മറ്റും തീര്‍ക്കുന്നത്. ചിലര്‍ പങ്കാളിയോട് ദേഷ്യം കാണിക്കുന്നത് അവര്‍ക്കൊപ്പം കിടക്ക പങ്കിടില്ലെന്ന കടുത്ത തീരുമാനം എടുത്തുകൊണ്ടാകും. സ്ത്രീകളിലാണ് ഇത്തരം പ്രവണത കൂടുതലായും കാണുന്നത്. അത്തരത്തിലുള്ളവര്‍ പുനര്‍ ചിന്ത നടത്തുന്നത് നല്ലതാണെന്നാണ് ഡോ. ഷിനു ശ്യാമളന് പറയുന്നത്.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
വിവാഹബന്ധങ്ങളില്‍ പലതരത്തിലുള്ള വാശികള്‍ കാണാറുണ്ട്. വാക്കുകള്‍ കൊണ്ട് വാശിയും ദേഷ്യവും പറഞ്ഞു തീര്‍ക്കുന്നവര്‍. പാത്രമെറിഞ്ഞും ഒരു ബോധവുമില്ലാതെ കുട്ടികളുടെ മുന്നില്‍ നിന്ന് വരെ വഴക്ക് കൂടുന്ന മറ്റ് ചിലര്‍. ഇതൊന്നുമല്ലെങ്കില്‍ കിടക്ക വരെ വഴക്കും വാശിയും എത്തിക്കുന്നവര്‍.
അത്തരത്തില്‍ അതിശയിപ്പിക്കുന്ന ഒന്നാണ് കിടക്ക പങ്കിടില്ല എന്ന ചിലരുടെ വാശി. പ്രത്യേകിച്ചു സ്ത്രീകളാണ് ഈ തരത്തില്‍ വാശി കാണിക്കുന്നത്. ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ പുരുഷനോട് അത്തരത്തില്‍ വാശി തീര്‍ക്കുന്ന സ്ത്രീകള്‍.
അതേ സമയം മറ്റ് ചില സ്ത്രീകളുണ്ട്. ഏത് വഴക്കും ഒരു ചെറു ചുംബത്തില്‍ പോലും മറക്കുന്നവള്‍. അവര്‍ക്കൊക്കെ മുകളില്‍ പറഞ്ഞത് പോലെയുള്ള വാശി തീര്‍ക്കല്‍ നടക്കില്ല.
ലൈംഗിക ജീവിതം ഭയത്തോടെയും കുട്ടികള്‍ ഉണ്ടാക്കുവാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രക്രിയയായി മാത്രം കാണുന്നവരുണ്ട് എന്നത് പറയാതെ വയ്യ. വിദ്യാഭാസ കാലയളവില്‍ മതിയായ ലൈംഗിക വിദ്യാഭാസം നല്‍കുകയും എതിര്‍ലിംഗത്തില്‍ പെട്ടവരോട് നല്ല രീതിയില്‍ ഇടപഴകാനും വിദ്യാഭാസം കൊണ്ടാകണം.
ബോയ്സ് സ്കൂള്‍ ഗല്‍സ് സ്കൂള്‍ എന്നിങ്ങനെ കുട്ടികളെ വേര്‍തിരിച്ചുള്ള സ്കൂളുകളില്‍ വിടേണ്ടതുണ്ടോ? അത് അവരില്‍ മറ്റ് വിഭാഗത്തോടുള്ള പെരുമാറ്റത്തില്‍ ഒരു വേര്‍തിരിവോ ഭയമോ ഉണ്ടാക്കുന്നുണ്ടോ? അത്തരത്തില്‍ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? എല്ലാവരിലുമില്ലെങ്കിലും അത്തരം സ്കൂളുകളില്‍ പഠിച്ചവരില്‍ ചിലരില്‍ അത്തരത്തില്‍ ഒരു ആശങ്ക കണ്ടിട്ടുണ്ട്.
കുട്ടികളുടെ മുന്നില്‍ വെച്ചു വഴക്കും കൂടരുത്. അതവരുടെ മാനസിക വര്‍ച്ചയെ ബാധിക്കാം. അവര്‍ സന്തോഷത്തോടെ വളരട്ടെ. അവരുടെ കുഞ്ഞു മനസ്സില്‍ തീ കോരിയിടരുത്. കുഞ്ഞു മനസ്സിലെ മുറിവുകള്‍ വലുതാവുമ്പോള്‍ എങ്ങനെ വഴിമാറുമെന്ന് പറയുവാന്‍ സാധിക്കില്ല.
അധിക നാള് ഭര്‍ത്താവിനെയോ ഭാര്യയെയോ 'പട്ടിണി'ക്കിട്ട് വാശി തീര്‍ക്കുന്ന എല്ലാ വിവാഹബന്ധത്തിലും ഒരു പുനര്‍ ചിന്ത നല്ലതാണ്. വല്ലപ്പോഴും ഇത്തിരി 'കഞ്ഞി' എങ്കിലും കൊടുക്കുക. പട്ടിണിക്കിട്ട് ആളെ കൊല്ലരുത് ??.
(ഒ. പി യില്‍ നിന്ന് ഈ ആഴ്ച്ചയില്‍ കേട്ട കഥകളില്‍ നിന്ന് ഒരേട് പങ്കു വെയ്ക്കുന്നു.)
ഡോ. ഷിനു






