
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന ജലന്ധര് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കേസില് പരാതിക്കാരിയും സാക്ഷികളുമായ കന്യാസ്ത്രീകളെ അങ്ങേയറ്റം മ്ലേഛമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിയെ അനുകൂലിക്കുന്ന കേന്ദ്രങ്ങള് പുറത്തുവിട്ട വീഡിയോ രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി. ജലന്ധറില് നിന്നുള്ള ഒരു വിഭാഗം വൈദികരുടെ ആശിര്വാദത്തോടെ പ്രവര്ത്തിക്കുന്ന 'ക്രിസ്ത്യന് ടൈംസ്' എന്ന യു ട്യൂബ് ചാനലിലൂടെയാണ് അധിക്ഷേപങ്ങള് ചൊരിയുന്നത്. കൂടാതെ വര്ഗീയ വിദ്വേഷം പരത്തുന്ന പരാമര്ശങ്ങളും വിചാരണയ്ക്കെടുക്കാനിരിക്കുന്ന കേസില് കോടതിയെ പോലും വെല്ലുവിളിക്കുന്നതും വീഡിയോയിലുണ്ട്.
കേസിന്റെ തുടക്കം മുതല് അന്വേഷണത്തെ അട്ടിമറിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങള് ക്രിസ്ത്യന് ടൈംസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. കന്യാസ്ത്രീകളെ പല തവണ അവഹേളിച്ചും നുണപ്രചാരണങ്ങള് നടത്തിയും വീഡിയോ പ്രചരിപ്പിച്ചു. ഇതിനെതിരെ മുന്പും കന്യാസ്ത്രീകള് പരാതിയും നല്കിയിരുന്നു. എന്നാല് പ്രചാരണം എല്ലാ സീമകളും ലംഘിച്ചതോടെയാണ് വീണ്ടും പരാതിയുമായി രംഗത്തുവരാന് കന്യാസ്ത്രീകള് നിര്ബന്ധിതരായത്.
പോലീസ് കണ്ടെത്തിയ തെളിവുകളും എടുത്ത രഹസ്യമൊഴികളും വളച്ചൊടിച്ച് പരാതിക്കാരിയെ അവഹേളിക്കുന്ന വിധത്തിലാണ് പല വീഡിയോകളും. 'കന്യാസ്ത്രീ ഒരുമ്പെട്ടാല്' എന്നാണ് മറ്റൊരു വീഡിയോയുടെ തലക്കെട്ട്. 'ഗൂഢാലോചനകളെ അതിജീവിക്കുന്ന മറ്റത്തെ കത്തനാര്' എന്ന പേരിലാണ് തുടക്കം. ഫ്രാങ്കോ പിതാവിന്റെ അറസ്റ്റ് വലിയൊരു ഗൂഢാലോചനയുടെ പൈശാചിക ദുരന്ത നാടകമായിരുന്നുവെന്നാണ് ഈ വീഡിയോയില് പറയുന്നത്. അന്വേഷണ സംഘത്തിലെ ഗ്രേഡ് എസ്.ഐ അന്വേഷണ വിവരങ്ങള് രാത്രിയുടെ യാമങ്ങളില് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞുവെന്നും പോലീസുകാരില് ചിലര് കള്ളുഷാപ്പിലിരുന്ന് ഞങ്ങള് ജലന്ധറില് പോയാല് ഫ്രാങ്കോയെ കയ്യാമം വെച്ചുകൊണ്ടുവരുമെന്ന് പറഞ്ഞതിന്റെ റെക്കോര്ഡ് ഉണ്ടെന്നുമാണ് ഇവരുടെ അവകാശവാദം.
അന്വേഷണ ഉദ്യോഗസ്ഥര്ക്ക് ബിഷപ് ഫ്രാങ്കോയോട് വര്ഗീയ വിദ്വേഷമുണ്ടായിരുന്നുവെന്ന ഹീനമായ ആരോപണമാണ് ഈ വീഡിയോയില് 'ക്രിസ്ത്യന് ടൈംസ്' നടത്തുന്നത്. കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും പ്രശ്നമന്വേഷിക്കാന് അക്രൈസ്തവരെ മാത്രം അന്വേഷണ സംഘത്തിലുള്പ്പെടുത്തിയ ഐപിഎസുകാരന്റെ ബുദ്ധി സാധാരണ ജനങ്ങളും വിശ്വാസികളും ചോദ്യം ചെയ്താല് എന്തുഫലമെന്നാണ് വീഡിയോയില് ഉന്നയിക്കുന്നത്. രണ്ടു വര്ഷത്തിനുള്ളില് നടന്നതും പരാതി പറയാന് നാലു വര്ഷം വൈകിയതുമായ ഈ കേസ് സാധാരണ നിലയില് ആയിരുന്നുവെങ്കില് എടുത്തു ചവിട്ടുകൊട്ടയില് ഇടേണ്ടതായിരുന്നു. അന്വേഷണ സംഘത്തില് അക്രൈസ്തവരെ മാത്രം ഉള്പ്പെടുത്തിയത് ഐപിഎസുകാരന് മെനഞ്ഞെടുത്ത തന്ത്രമാണെന്നാണ് 'ക്രിസ്ത്യന് ടൈംസിന്റെ' കണ്ടെത്തല്. 2019 സെപ്തംബര് 21ന് പുറത്തുവിട്ട അരമണിക്കൂറിലേറെ നീളുന്ന വീഡിയോയില് ഉടനീളം അന്വേഷണ സംഘത്തിനെതിരായ വര്ഗീയ പരാമര്ശങ്ങളാണ്.

തുടര്ന്ന് മാധ്യമങ്ങള്ക്കു നേരെയാണ് 'ക്രിസ്ത്യന് ടൈംസിന്റെ' വിഷംതുപ്പല്. 'ജലന്ധറില് ബിഷപിനെ ചോദ്യം ചെയ്യാന് ചെന്ന പോലീസുകാര് അറസ്റ്റു ചെയ്യാതെ മടങ്ങിയതില് മാധ്യമങ്ങള്ക്ക് കലികയറി. ലക്ഷങ്ങള് മുടക്കി വലിയ ടീമിനെ ഇറക്കിയ മാധ്യമങ്ങള് അറസ്റ്റ് നടക്കാതെ വന്നപ്പോള് പോലീസിനെ കളിയാക്കി ന്യുസ് ഉണ്ടാക്കി ജനങ്ങളെ ഇളക്കിവിടാന് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥര് ബിഷപിനെ അറസ്റ്റു ചെയ്യാതെ വന്നതോടെ നാട്ടുകാരും പോലീസിനെ ചോദ്യം ചെയ്തു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവര്ത്തകരും എ.എം.ടിയും എസ്.ഒ.എസും വീണ്ടും ഒന്നിച്ചു. പുതിയ പദ്ധതിയുണ്ടാക്കി. കുറവിലങ്ങാട് മഠത്തില് പോലീസ് പല തവണ പരാതിക്കാരിയെ ചോദ്യം ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കി സമരപ്പന്തലില് കന്യാസ്ത്രീകളെ കൊണ്ട് പുലഭ്യം പറയിപ്പിച്ച് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്താനുള്ള തന്ത്രം മെനഞ്ഞു' എന്നിങ്ങനെയാണ് വീഡിയോ തുടരുന്നത്. ഒരു വിരമിച്ച ജഡ്ജിയെയും വീഡിയോയില് അധിക്ഷേപിക്കുന്നുണ്ട്.
നീതിമാനായ ബലിയര്പ്പിക്കപ്പെടാനുള്ള കുഞ്ഞാടിനെപോലെ ബിഷപ്പ് ചോദ്യം ചെയ്യപ്പെടാന് പോയി എന്നാണ് വീഡിയോയില് പറയുന്നത്. ബിഷപ് ചോദ്യം ചെയ്യലിന് ഹാജരായതും തുടര്ന്ന് അറസ്റ്റു വരിച്ചതും ക്രിസ്തുവിന്റെ കാല്വരി യാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് വീഡിയോയില് അവതരിപ്പിച്ചിരിക്കുന്നത്. ബിഷപിനെ അറസ്റ്റു ചെയ്തത് വിശ്വാസികള്ക്കിടയില് വലിയ മുറിവുണ്ടാക്കിയെന്നും ഇവര് അവകാശപ്പെടുന്നു.
മൂന്നാമത്തെ വീഡിയോയില് പരാതിക്കാരിയായ കന്യാസ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ്. 'ചത്താലും ശരി ഞാന് കുറവിലങ്ങാട്ടീന്ന് പോകില്ല' എന്ന തലക്കെട്ടിലാണ് ഈ വീഡിയോ. പരാതിക്കാരി തന്റെ വ്യക്തിപരമായ നേട്ടങ്ങള്ക്ക് വേണ്ടിയാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ബലാത്സംഗ പരാതി നല്കിയതെന്നാണ് ആരോപണം. പരാതിക്കാരിക്കെതിരായ ഒരു ആരോപണത്തില് നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ഈ ബലാത്സംഗ പരാതിയെന്നും അവര് കുറവിലങ്ങാട് വിടാതെ പിടിച്ചുകിടക്കുന്നതിന് പിന്നില് ചില കാരണങ്ങളുണ്ടെന്നുമൊക്കെയാണ് വീഡിയോയില് അധിക്ഷേപം.
കന്യാസ്ത്രീയുടെ പരാതിയില് ഈ വീഡിയോ ദൃശ്യങ്ങള് പരിശോധിച്ച അന്വേഷണ സംഘം ഫ്രാങ്കോയുടെ നടപടികള് ഗൗരവതരമെന്ന് കണ്ടെത്തിയാണ് ജാമ്യം റദ്ദാക്കാതിരിക്കാന് കാരണം ബോധിപ്പിക്കാന് നോട്ടീസ് അയച്ചത്. വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി കുറ്റപത്രം വായിച്ചുകേള്പ്പിക്കുന്ന നടപടികള്ക്കായാണ് നവംബര് 11ന് ബിഷപ് ഫ്രാങ്കോ ഹാജരാകണമെന്ന കോടതിയുടെ സമന്സ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് ജലന്ധറില് നേരിട്ടെത്തി ഫ്രാങ്കോയ്ക്ക് കൈമാറിയത്. തൊട്ടുപിന്നാലെ വീഡിയോ വിവാദത്തിലുള്ള നോട്ടീസ് കൂടി അയച്ചതിനു പിന്നാലെ അന്വേഷണ സംഘത്തിലെ ഗ്രേഡ് എസ്.ഐ മോഹന്ദാസിനെ സ്ഥലംമാറ്റിയതും വിവാദമായി.
ഫ്രാങ്കോയുടെ ഇടപെടലുകള് ഇപ്പോഴും ഭരണതലത്തില് നടക്കുന്നുവെന്ന സൂചനയാണ് ഇത് നല്കുന്നത്. നേരത്തെ അന്വേഷണത്തിന് മേല്നോട്ടും വഹിച്ചിരുന്ന എസ്.പി ഹരിശങ്കര്, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി കെ.സുഭാഷ് എന്നിവരെയും സ്ഥലംമാറ്റിയിരുന്നു. സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയത് വിവാദമായതോടെ അദ്ദേഹത്തെ കോട്ടയം ക്രൈം റെക്കോര്ഡ്സ് ബ്യൂറോയിലേക്ക് മാറ്റുകയായിരുന്നു.
അധിക്ഷേപം അതിരുകടന്നതോടെ മറ്റു മാര്ഗമില്ലാതെയാണ് പരാതി നല്കേണ്ടിവന്നതെന്ന് സി.അനുപമ പ്രതികരിച്ചു. പരാതിക്കാരിയെ അവഹേളിക്കുകയാണ്. വര്ഗീയ വിദ്വേഷം വരെ പരത്താന് തുടങ്ങി. ജാമ്യത്തിലിറങ്ങിയ ശേഷം ഫ്രാങ്കോ തന്നെ നേരിട്ട് പരാതിക്കാരിയെ അധിക്ഷേപിച്ച് 'ക്രിസ്ത്യന് ടൈംസിലൂടെ' സംസാരിച്ചതും ഒട്ടും അംഗീകരിക്കാന് കഴിയുന്നതല്ലെന്നും സി.അനുപമ പറഞ്ഞു.







Comments