
ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി രണ്ടാം തവണയും മനോഹര്‍ലാല്‍ ഖട്ടാര്‍ ചുമതലയേല്‍ക്കുന്നു. ദീപാവലി നാളായ നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്നു ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തില്‍ ഖട്ടാറിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഉച്ചകഴിഞ്ഞ് ഗവര്‍ണറെ കാണുന്ന ഖട്ടാര്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. പിന്തുണയ്ക്കു എം.എല്‍.എമാരുടെ കത്തും കൈമാറും.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ.ജെ.പിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം. ജെ.ജെ.പി കക്ഷിയോഗം ഇന്ന് ചേരാനിരുന്നതാണെങ്കിലും അവസാന നിമിഷം ഉപേക്ഷിച്ചു. ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ഉപമുഖ്യമന്ത്രിയായി ചൗട്ടാല തന്നെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. രണ്ട് മന്ത്രി സ്ഥാനവും ജെ.ജെ.പിക്ക് ലഭിക്കും.
മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാവില്ലെന്നാണ് സൂചന. ജെ.ജെ.പിക്ക് പുറമേ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും ബി.ജെ.പി നേടിയിട്ടുണ്ട്.
ഐ.എന്‍.എല്‍.ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനാണ് ദുഷ്യന്ത് ചൗട്ടാല. നിയമന തട്ടിപ്പ് കേസില്‍ ഓം പ്രകാശും മകന് അജയ് ചൗട്ടാലയും ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. 2004ലെ കോണ്‍ഗ്രസില്‍ നിന്നും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ചൗട്ടാല കുടുംബത്തിനു 15 വര്‍ഷത്തിനു ശേഷമാണ് ശക്തമായ തിരിച്ചുവരവുണ്ടാകുന്നത്.






