കൊച്ചി: ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വിട്ടയച്ചു. 2014ല്‍ നടന്ന ചുംബന സമരത്തില്‍ പങ്കെടുക്കുകയും അതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 10 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്‍പത് പേരെയാണ് വിട്ടയച്ചത്. പോലീസിനെ ആക്രമിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജോ, സേവ്യര്‍, നിധീഷ്, ജോര്‍ജ് ബ്രൂണോ, പ്രശാന്ത്, ടോണി, ജെയ്സണ്‍ സി കൂപ്പര്‍, നെല്‍സണ്‍, കെ.ജെ വര്‍ക്കി പാറയ്ക്കല്‍, ജിജോ കുര്യാക്കോസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ ജോര്‍ജ് ബ്രൂണോ വിചാരണ നേരിടാത്തതിനാല്‍ ഇയാള്‍ക്കെതിരായ കേസ് നിലനില്ക്കും. മറ്റ് പ്രതികളെ വെറുതെ വിട്ടു. ജോ, സേവ്യര്‍, നിധീഷ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല. മറ്റുള്ളവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കൂടിയ ഇവരെ കസ്റ്റഡിയില്‍ എടുത്ത് കേസെടുക്കുകയായിരുന്നു.
സമരത്തിനിടെ കസ്റ്റഡിയില്‍ എടുത്ത 36 പേരില്‍ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കേസെടുത്തതെന്ന് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു. 2014 നവംബര്‍ രണ്ടിനാണ് കൊച്ചിയില്‍ ചുംബന സമരം നടന്നത്. സദാചാര പോലീസിംഗിനെതിരെയാണ് കേരളം ശ്രദ്ധിച്ച സമരം നടന്നത്.
സമരത്തെ എതിര്‍ത്ത് യുവമോര്‍ച്ച, ബജ്റംഗ്ദള്‍, എ.ബി.വി.പി, കെ.എസ്.യു, എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട്, ശിവസേന തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.






