
ഛണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകുന്നത്. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. ബി.ജെ.പിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
90 അംഗ ഹരിയാന നിയമസഭയില്‍ 40 സീറ്റുകളാണ് ബി.ജെ.പി വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റ് കുറവ്. ഇതോടെ സ്വതന്ത്ര എം.എല്‍.എമാരുടെയും ജെ.ജെ.പിയുടെ പത്ത് എം.എല്‍.എമാരുടെയും പിന്തുണ ബി.ജെ.പി ഉറപ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ നല്കിയ ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ അഞ്ച് പേരും ബി.ജെ.പി വിമതര്‍ തന്നെയാണ്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വിമതരായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
സോംബീര്‍ സംഗ്വാന്, ബല്‍രാജ് കുണ്ടു, ധര്‍മ്മപാല്‍ ഗോണ്ഡര്‍, നെയ്ന്‍ പാല് റാവത്ത്, രണ്‍ധീര്‍ ഗോലന്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബി.ജെ.പി വിമതര്‍. മുന്‍ ഉപപ്രധാനമന്ത്രി ദേവീ ലാലിന്റെ മകന് രഞ്ജിത്ത് സിംഗ്, മുന്‍ മുഖ്യമന്ത്രി ഒ.പി ചൗതാലയുടെ സഹോദരന് രാകേഷ് ദൗലത്താബാദ് എന്നിവരാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്രര്‍. ഐ.എന്‍.എല്‍.ഡി എം.എല്‍.എ അഭയ് ചൗതാലയും ബി.ജെ.പിയെ പിന്തുണയ്ക്കുന്നു.
ഹരിയാന ലോഖിത് പാര്‍ട്ടി എം.എല്‍.എ ഗോപാല്‍ കണ്ഡ എന്നിവരും ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മയുടെ ആത്മഹത്യയില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗോപാല്‍ കാണ്ഡയുടെ പിന്തുണ സ്വീകരിക്കുന്നതിനെതിരെ ബി.ജെ.പിക്ക് ഉള്ളിലും പുറത്തും വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബി.ജെ.പി നിലപാട് മാറ്റിയത്.







Comments