
സംവിധായകന് ശ്രീകുമാര്‍ മേനോന് എതിരായി നടി മഞ്ജുവാരിയരുടെ മൊഴി രേഖപ്പെടുത്തി. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജുവാരിയര്‍ നല്കിയ മൊഴിയില്‍ പറയുന്നു. തൃശൂര്‍ സി ബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസനാണ് മൊഴിയെടുത്തത് .
ശ്രീകുമാര്‍ മേനോന് അപകടത്തില്പ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയര്‍ ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയന് സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറയുന്നു.
പരാതിക്കു മറുപടിയുമായി ശ്രീകുമാര്‍ മേനോന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നു ഫെയ്സ്ബുക് പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാര്‍ മേനോന് പോസ്റ്റില്‍ ഉന്നയിച്ചത്.






