
കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ അതിജീവിച്ച വിദ്യാര്‍ത്ഥിനിയാണ് കോഴിക്കോട് കൊയ്ലാണ്ടി സ്വദേശിയായ അജന്യ. 2018 മേയ് 15നാണ് അജന്യയെ കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ വച്ചാണ് അജന്യയ്ക്ക് നിപ സ്ഥിതീകരിക്കുന്നത്. പിന്നീട് അജന്യ നിപയോട് പോരാടി. ഒടുവില്‍ നിപയെ അതിജീവിച്ചവളായി മാറി.
നിപ ഭീതി കേരളത്തില്‍ ഭീതി പടര്‍ത്തിയപ്പോള്‍ കൈവിടാതെ അതിനെതിരെ പോരാടാന്‍ നേതൃത്വം നല്‍കിയത് ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ്. നിപയെ അതിജീവിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പ്രയത്നമാണ് ആരോഗ്യ മേഖല നടത്തിയത്. അത് വലിയ അംഗീകാരം നേടിയിരുന്നു.
നിപയെ അതിജീവിച്ച അജന്യയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്ത ആരോഗ്യമന്ത്രി കെ.കെ ഷൈലജയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. മന്ത്രി തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചതും.
'നിപ വൈറസ് ബാധയെ അതിജീവിച്ച കോഴിക്കോട് ചേലിയ സ്വദേശിനി അജന്യയെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ വച്ച് കണ്ടുമുട്ടി. നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് നെഞ്ച് രോഗ വിഭാഗം ആശുപത്രിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ നീണ്ട പത്ത് നാളുകള്‍ കിടന്നതിന് ശേഷമാണ് അജന്യ നിപ വൈറസ് ബാധയെ അതിജീവിച്ചത്.' മന്ത്രി ഷൈലജ ടീച്ചര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.






