
വാഷിംഗടണ്‍: സിറിയയിലെ അമേരിക്കന്‍സേന അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവിട്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. അതിന് മുമ്പ് ലോകത്തെ വിറപ്പിച്ച ഭീകരസംഘടനയുടെ തലവനെ വേട്ടയാടാന്‍ വന്‍ പദ്ധതിയാണ് അമേരിക്ക തയ്യാറാക്കിയത്.
ഒരു മാസം മുമ്പ് തന്നെ ബാഗ്ദാദിയുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും അമേരിക്കന്‍ സൈന്യത്തിന് കിട്ടിയിരുന്നു. കുര്‍ദ്ദുകളായിരുന്നു ഇക്കാര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന് വലിയ സഹായകരമായത്. എന്നാല്‍ ബാഗ്ദാദിക്ക് വേണ്ടിയുള്ള റെയ്ഡ് ആരംഭിക്കാന്‍ പോകുന്നെന്ന വിവരം ട്രംപിന് കിട്ടിയത് മൂന്ന് ദിവസം മുമ്പ് മാത്രമായിരുന്നു. ഐഎസ് നേതാവിനെ പുറത്ത് ചാടിക്കാന്‍ ബാഗ്ദാദി എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരം രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ സേന കൃത്യമായി മനസ്സിലാക്കിയെടുത്തു.
പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി അമേരിക്ക ആദ്യം ചെയ്തത് തങ്ങളുടെ സൈന്യത്തിന് വ്യോമമേഖല ഉപയോഗിക്കാന്‍ റഷ്യ, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയിരുന്നു. അതേസമയം ഓപ്പറേഷന്റെ കൃത്യമായ രീതികളോ വിവരങ്ങളോ റഷ്യയോട് വെളിപ്പെടുത്തിയില്ലെങ്കിലും ബാഗ്ദാദിക്ക് വേണ്ടിയുള്ള നീക്കത്തിന് റഷ്യ പൂര്‍ണ്ണ പിന്തുണ നല്കി. ശനിയാഴ്ച വൈകുന്നേരം അമേരിക്കന്‍ സമയം 4.30 യോടെ തന്റെ ഗോള്‍ഫ് കളി കഴിഞ്ഞ് വിര്‍ജീനിയയില്‍ നിന്നും ട്രംപ് വൈറ്റ്ഹൗസില്‍ എത്തിയിരുന്നു. സിറിയയില്‍ രാത്രി 10.30 യായിരുന്നു അപ്പോള്‍ സമയം. അഞ്ചു മണിയോടെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്, ദേശീയ സുരക്ഷാ ഉപദേശകന് റോബര്‍ട്ട് ഒ ബ്രയാന്‍, മറ്റു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വൈറ്റ് ഹൗസില്‍ എത്തി. ബാഗ്ദാദിക്ക് വേണ്ടിയുള്ള റെയ്ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും ലൈവായി കണ്ടു. 'അതൊരു സിനിമ പോലെ ആയിരുന്നു' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
മദ്ധ്യേഷ്യയിലെ അറിയപ്പെടാത്ത ഏതോ മിലിട്ടറി ബേസില്‍ നിന്നും (മിക്കവാറും പടിഞ്ഞാറന്‍ ഇറാഖ് എന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്) സൈനികരും സൈനിക നായകളുമായി എട്ടു ഹെലികോപ്റ്ററിലായിരുന്നു യാത്ര. യുഎസ് സൈന്യത്തിലെ ഭീകര നേതാക്കളെയടക്കം ലക്ഷ്യമിടാന്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള ഭീകരവിരുദ്ധ വിഭാഗമായ ഡല്റ്റാഫോഴ്സായിരുന്നു ഓപ്പറേഷന് നടപ്പാക്കിയത്. സൈനികര്‍ക്കും പരിശീലനം ലഭിച്ച നായകള്‍ക്കും ഉപരിയായി സിറിയയിലെ ഇഡ്ലിബ് മേഖലയില്‍ നടത്തിയ ഓപ്പറേഷനില്‍ മിലിട്ടറി റോബോട്ടുകളെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയിരുന്നതായി ട്രംപ് പറഞ്ഞു.
ബാഗ്ദാദിയുടെ ഒളിത്താവള പരിസരത്ത് ഹെലികോപ്റ്ററുകള്‍ ഇറക്കിയപ്പോള്‍ ഭീകരര്‍ വെടിവെച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സുരക്ഷിതമായി ഇറക്കാന്‍ സൈനിക പൈലറ്റുമാര്‍ക്ക് കഴിഞ്ഞു. പ്രധാന കവാടത്തിലെ വാതിലിന് പകരമായി സ്ഫോടനത്തിലൂടെ ഭിത്തി തകര്‍ത്തായിരുന്നു അകത്തേക്ക് കയറിയത്. മിനിറ്റ് മിനിറ്റ് വെച്ച് വിവരങ്ങള്‍ ട്രംപിന് കിട്ടിക്കൊണ്ടിരുന്നു. വളപ്പില്‍ പ്രതിരോധം തീര്‍ത്തിരുന്ന ഭീകരരെയെല്ലാം അമേരിക്കന്‍ സൈന്യം പെട്ടെന്നു തന്നെ അവസാനിപ്പിച്ചു. 11 കുട്ടികളെയാണ് മാറ്റിയത്. യാതൊരു പരിക്കുമേല്‍ക്കാത്ത വിധത്തില്‍ മൂന്നാമനെ സുരക്ഷിതമായി ഏല്‍പ്പിച്ചു. പിന്നീട് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളെ തടവിലാക്കി.
ഇതിനിടയില്‍ നിലവറയിലേക്ക് മുങ്ങിയ ബാഗ്ദാദി മൂന്ന് കുട്ടികളുമായി തുരങ്കത്തിലേക്ക് മാറിയിരുന്നു. അമേരിക്കന്‍ സൈന്യം ബാഗ്ദാദിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ബാഗ്ദാദി നിരസിച്ചതായി ജേക്ക് ടാപ്പറെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നാലെ സൈനിക നായകള്‍ പാഞ്ഞു. ഓട്ടത്തിനിടയില്‍ ബാഗ്ദാദി ആവലാതി പറയുകയും നിലവിളിക്കുകയും കരയുകയും ചെയ്തെന്നും ട്രംപ് പറഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതായതോടെ ബാഗ്ദാസി സ്വയം പൊട്ടിത്തെറിച്ചു. സ്വയം മരണത്തിന് കീഴടങ്ങിയ ബാഗ്ദാദി മക്കളെയും കൂടെ കൊണ്ടുപോയി. സ്ഫോടനത്തില്‍ തുരങ്കവും തകര്‍ന്നുവീണു. അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല. സൈനിക നായയ്ക്ക് പൊള്ളലേറ്റു.
സ്ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിതറിത്തെറിച്ചു. കൊല്ലപ്പെട്ടത് ബാഗ്ദാദിയാണെന്ന് 15 മിനിറ്റിനുള്ളില്‍ ഡിഎന്‍എ ടെസ്റ്റും നടത്തി സ്ഥിരീകരിച്ചു. പിന്നീട് സൈനികര്‍ പ്രദേശം അരിച്ചുപെറുക്കി. ഇസ്ളാമിസ് സ്റ്റേറ്റിന്റെ ഉദയംമുതല്‍ ഭാവി വരെയുള്ള പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തി. രണ്ടു മണിക്കൂറിന് ശേഷം എല്ലാം പൂര്‍ത്തിയാക്കി അമേരിക്കന്‍ സൈന്യം വന്ന വഴിയെ തന്നെ തിരിച്ചു പറന്നു. ഇസ്ളാമികമായ എല്ലാ ചടങ്ങുകളോടെയായിരുന്നു ബാഗ്ദാദിയുടെ ശരീരവും മറവ് ചെയ്തത്. ഭാവിയില്‍ മറ്റാരും തേടിയെത്താത്ത രീതിയില്‍ 2011 ല്‍ അല്‍ ക്വൊയ്ദ തലവന്‍ ഒസാമാ ബിന്‍ ലാദനെ മറവ് ചെയ്ത പോലെ തന്നെ അജ്ഞാത കേന്ദ്രത്തിലായിരുന്നു ബാഗ്ദാദിയുടേയും ഒടുക്കം.






