
കണ്ണൂര്‍ : ചക്കരക്കല്ലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ സുഹൃത്തുക്കള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. €ാസ് മുറിയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോലീസും ഇത് ശരിവെക്കുന്നു. സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും കിട്ടിയ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതുപ്രകാരം സഹപാഠികളെ ചോദ്യം ചെയ്തുവെങ്കിലും ഗൗരവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനിടെ, മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായതായി കണ്ടെത്തിയിട്ടില്ല.
സ്കൂളില്‍ ഈ കുട്ടികളെ കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമാണ്. എന്‍എസ്എസ് വോളണ്ടിയര്‍മാരായ ഇരുവരും പാഠ്യേരത പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കള്‍ക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടിലും മറ്റ് സമ്മര്‍ദ്ദങ്ങളൊന്നും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മരണപ്പെട്ട പെണ്‍കുട്ടികള്‍ ഹൈസ്കൂള്‍ തലം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ചവരെ സ്കൂളില്‍ സ്പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ മുറിവിട്ട് പുറത്ത് വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.






