
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറ്റില്‍ വീണ കുട്ടിയെ പുറത്ത് എത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞു. പ്രാര്‍ത്ഥനകള്‍ സുജിത്തിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ചുവെന്നും മോഡി ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സുജിത്ത് വില്‍സണ്‍ എന്ന രണ്ടര വയസുകാരന് കുഴല്‍ക്കിണറ്റില്‍ വീണത്. 30 അടി താഴ്ചയിലാണ് കുട്ടി വീണത്. എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ 90 അടി താഴ്ചയിലേക്ക് കുട്ടി വീണു. കുഴല്‍ക്കിണറിന് 600 അടി താഴ്ചയുണ്ട്. കുഴല്‍ക്കിണറിന് സമാന്തരമായി ടണല്‍ നിര്‍മ്മിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. കട്ടിയായ പാറ തുരക്കുന്നത് ദുഷ്കരമായതിനാലാണ് രക്ഷാ പ്രവര്‍ത്തനം വൈകുന്നത്. തിങ്കളാഴ്ച ഉച്ചവരെ 50 അടി മാത്രമേ കുഴിക്കാനായുള്ളൂ. ഇതിനിടെ മഴ പെയ്യാന്‍ തുടങ്ങിയതും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.
തമിഴ്നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി സി. വിജയഭാസ്കര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാകുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.







Comments