
തിരുവനന്തപുരം: എ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ മറുചേരിയില്‍ നിലപാട് ഉറപ്പിച്ചതിനാല്‍ പാര്‍ട്ടി രണ്ടു തട്ടിലായതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും സൗമിനി ജയിനെ മാറ്റാന്‍ കഴിയാതെ കെപിസിസി നേതൃത്വം. ഉപ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു കുറഞ്ഞ സാഹചര്യത്തില്‍ സൗമിനി ജെയിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ കെപിസിസി നേതൃത്വത്തില്‍ തന്നെ രണ്ടു അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ മേയര്‍മാറ്റം തീരുമാനം ഉടനുണ്ടായേക്കില്ലെന്നാണ് വിവരം.
നേരത്തേ ഹൈബി ഈഡന്, ബെന്നി ബഹന്നാന്, ഡൊമിനിക് പ്രസന്റേഷന്, കെ ബാബു അടക്കമുള്ള എറണാകുളത്തെ പ്രമുഖ നേതാക്കള്‍ സൗമിനി ജയിനെ മേയര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിഎം സുധീരന്, കെവി തോമസ്, പിജെ കുര്യന്, എംഎം ഹസന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മേയര്‍ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. യോഗത്തില്‍ മേയര്‍മാറ്റ വിഷയം നേതാക്കളെ തന്നെ രണ്ടു തട്ടിലാക്കിയതോടെ മേയര്‍മാറ്റ വിഷയം രാഷ്ട്രീയ കാര്യ സമിതി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിടുകയായിരുന്നു. എന്നാല്‍ മേയര്‍മാറ്റം മുല്ലപ്പള്ളിയും വ്യക്തിപരമായി അനുകൂലിക്കുന്ന കാര്യമല്ല.
രണ്ടു ദിവസം മുമ്പ് എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേരുകയും സൗമിനി ജെയിനെ മാറ്റണമെന്ന് തീരുമാനിക്കുകയും ഇക്കാര്യം കെപിസിസി അദ്ധ്യക്ഷനെ അറിയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മേയര്‍ സ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഇതേ തുടര്‍ന്ന് ഇന്നലെ സൗമിനി ജയിനെ കെപിസിസി അദ്ധ്യക്ഷന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ചര്‍ച്ച ചെയ്തപ്പോള്‍ രമേശ് ചെന്നിത്തല, വിഡി സതീശന്, ബെന്നി ബഹന്നാന് എന്നിവര്‍ മേയറെ മാറ്റണമെന്ന നിലപാട് എടുത്തപ്പോഴാണ് മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തത്. നേരത്തേ ഇക്കാര്യത്തില്‍ എതിര്‍പ്പ് കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിരുന്ന വേണുഗോപാലും പിസി ചാട്ടോയും വിട്ടു നില്‍ക്കുകയും ചെയ്തു. ഒടുവിലാണ് ഇക്കാര്യം മുല്ലപ്പള്ളിക്ക് തന്നെ വിട്ടത്.
എന്നാല്‍ മേയറെ മാറ്റുന്നതിനെ വ്യക്തിപരമായി തന്നെ എതിര്‍ത്തിരുന്ന മുല്ലപ്പള്ളി എറണാകുളത്തെ വെള്ളക്കെട്ട് വിഷയത്തില്‍ മേയറെ മാത്രം കുറ്റപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതും ശരിയല്ലെന്ന നിലപാട് എടുക്കുകയായിരുന്നു. മേയറെ ഒറ്റപ്പെടുത്തുകയല്ലെന്നും ഡപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പദവികളില്‍ ഉള്ളവരെയും മാറ്റണമെന്നും എറണാകുളത്തെ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നീക്കം ഫലം കണ്ടിട്ടില്ല. അതിനിടയില്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരും സൗമിനി ജയിനൊപ്പമാണ്. സൗമിനിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് 10 യുഡിഎഫ് കൗണ്‍സിലര്‍മാരാണ് കെപിസിസി അദ്ധ്യക്ഷനെ സമീപിച്ചത്. മാറ്റിയാല്‍ എല്ലാവരും രാജിവെയ്ക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ കോര്പ്പറേഷന് ഭരിക്കുന്ന യുഡിഎഫിന് ഇത് വലിയ തിരിച്ചടിയാകും എന്ന ഭീഷണിയും തിരക്കിട്ടുള്ള നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. ഇതിനൊപ്പം സൗമിനിക്ക് പിന്തുണയുമായി എന്‍എസ്എസും ക്രൈസ്തവസഭകളും രംഗത്തു വന്നിട്ടുണ്ട്. കൊച്ചി മേയറായി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ സൗമിനി ജെയിനെ പുറത്താക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്ത് വന്നത് െഹെബി ഈഡനായിരുന്നു. കൊച്ചിനഗരം വെള്ളക്കെട്ടിലാണ്ടപ്പോള് അതിന്റെ ഉത്തരവാദിത്വം ആരോപിച്ചാണ് കോണ്‍ഗ്രസിലെ ഐ വിഭാഗം മേയര്‍ക്കെതിരേ തിരിഞ്ഞത്. എന്നാല്‍, പാര്‍ട്ടി പറയാതെ രാജിവയ്ക്കില്ലെന്നായിരുന്നു മേയര്‍ എടുത്ത നിലപാട്.






