
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജയിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എറണാകുളം ഡിസിസിയില്‍ കയ്യാങ്കളി. ഇന്ദിരാ ഗാന്ധി അനുസ്മരണത്തിനിടെ ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. സംഭവം വിവാദമായതോടെ നോര്‍മന്‍ ജോസഫിനെ സസ്പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസഡിന്റ് അറിയിച്ചു.
ചടങ്ങ്നടക്കുന്നതിനിടയില് എന്‍.വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെ അപ്രതീക്ഷിതമായി നോര്‍മന്‍ ജോസഫ് എഴുന്നേറ്റ് നില്‍ക്കുകയും മേയറെ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും ഇവരെയൊക്കെ ക്കെ സംരക്ഷിച്ച് നിര്‍ത്തുന്നത് എന്തിനാണെന്നും നോര്‍മന്‍ ജോസഫ് ചോദിച്ചു. മറ്റുള്ളവര്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇദ്ദേഹം കേട്ടില്ല.
താനടക്കമുള്ള നേതാക്കളോട് പോലും മേയര്‍ മാന്യമായി പെരുമാറുന്നില്ലെന്നും ജോസഫ് പറഞ്ഞു. സൗമിനി ജയിനും പരിപാിടയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി അനുസ്മരണത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും മേയറെ മാറ്റാനാണെന്നും നോര്‍മന്‍ ജോസഫ് പറഞ്ഞു.
പങ്കെടുത്ത മറ്റുള്ളവര്‍ എഴുന്നേറ്റ് വന്ന് ഇദ്ദേഹത്തോടെ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ രോഷത്തോടെ ഇദ്ദേഹം പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി മുന്നോട്ട് വരികയായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. അനുസ്മരണ സമ്മേളനത്തിനിടെയുണ്ടായ സംഭവം ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം സ്തബദ്ധരാക്കി. മുതിര്‍ന്ന നേതാക്കളായ കെ.വി.തോമസ്, കെ.ബാബു, ഡൊമനിക് പ്രസന്റേഷന് തുടങ്ങിയരും ചടങ്ങിലുണ്ടായിരുന്നു.






