ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ചൈന ഇടപെടേണ്ടന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ജമ്മുകശ്മീരും ലഡാക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധവും ചൈനയുടെ പരമാധികാരത്തില്‍ കൈകടത്തുന്നതുമാണെന്ന് ചൈന ആരോപിച്ചിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.
ചൈന ഉള്‍പ്പെടെ ഒരു വിദേശരാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയേണ്ട. മറ്റ് രാജ്യങ്ങളുടെ ആഭയന്തര വിഷയങ്ങളില്‍ ഇന്ത്യ അഭിപ്രായം പറയാറില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കുമ്പോള്‍ ചൈനയുടെ അധികാര പരിധിയിലുള്ള ചില സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ചൈനയുടെ ആരോപണം. ഇത് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ആരോപിച്ചിരുന്നു. ഇന്ത്യയുടെ നടപടിയെ ചൈന അപലപിക്കുകയും ചെയ്തിരുന്നു. ചൈനയുടെ പരമാധികാരത്തെ ഇന്ത്യ ബഹുമാനിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് നേരത്തെ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നടപടികള്‍ മാത്രമാണ് ഇന്ത്യയുടേതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.






