
കോട്ടയം: കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കത്തില്‍ കട്ടപ്പന സബ് കോടതിയുടെ വിധി വന്നതോടെ, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ''മാണി'' ഗ്രൂപ്പായി. സാക്ഷാല്‍ കെ.എം. മാണിയും മകന് ജോസ് കെ. മാണിയും നയിച്ചിരുന്ന മാണി ഗ്രൂപ്പ് ഫലത്തില്‍ ജോസിന്റെ പേരിലുള്ള ''ജെ'' ഗ്രൂപ്പായി മാറി!
പാര്‍ട്ടിയുടെ ഔദ്യോഗികചിഹ്നമായ രണ്ടിലയുടെ കാര്യത്തിലാണ് ഇനി തീരുമാനമുണ്ടാകേണ്ടത്. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം സ്റ്റേ ചെയ്ത ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവാണ് ഇന്നലെ കട്ടപ്പന സബ് കോടതി ശരിവച്ചത്. ഇതേത്തുടര്‍ന്ന്, ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിയസഭാകക്ഷി നേതാവായി പി.ജെ. ജോസഫിനെയും ഉപനേതാവായി സി.എഫ്. തോമസിനെയും വിപ്പും സെക്രട്ടറിയുമായി മോന്‍സ് ജോസഫിനെയും തെരഞ്ഞെടുത്തതു ജോസ് പക്ഷത്തിന് ഇരട്ടപ്രഹരമായി.
ജോസഫിനു പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി ജോസ് പക്ഷത്തെ എം.എല്‍.എമാരായ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും യോഗം ബഹിഷ്കരിച്ചു. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തേത്തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണു പാര്‍ട്ടിയിലെ ഒരുവിഭാഗം സംസ്ഥാനസമിതി വിളിച്ചുചേര്‍ത്ത് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. സംസ്ഥാനസമിതിയിലെ 437 പേരില്‍ 312 പേര് പങ്കെടുത്ത യോഗമാണു ചെയര്‍മാനെ തെരഞ്ഞെടുത്തതെന്നാണു ജോസ് വിഭാഗം
അവകാശപ്പെട്ടത്. എന്നാല്‍ ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം കോടതിയെ സമീപിച്ചു. ചെയര്‍മാന്റെ അഭാവത്തില്‍, വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിനാണ് ആ പദവി വഹിക്കാന്‍ അവകാശമെന്നായിരുന്നു വാദം. അതു കോടതി ശരിവച്ചു. പാര്‍ട്ടി ചിഹ്നഹ്നം അനുവദിക്കാനുള്ള അധികാരം ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും നേരത്തേ ജോസ് പക്ഷത്തിനു തിരിച്ചടിയായിരുന്നു.
ഇതേത്തുടര്‍ന്നാണു പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമിനു രണ്ടില ചിഹ്നം നഷ്ടപ്പെട്ടത്. കട്ടപ്പന കോടതിയുടെ വിധി ജോസഫിനെതിരാണെന്നു ജോസ് കെ. മാണി അവകാശപ്പെട്ടു. ചെയര്‍മാന്റെ അധികാരം വര്‍ക്കിങ് ചെയര്മാന് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണു കോടതി വിധിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജോസ് പറഞ്ഞു. ഇരുവിഭാഗങ്ങളില്‍ ഏതിനെ പിന്തുണയ്ക്കുമെന്നതു യു.ഡി.എഫ്. നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി.
കോടതി വിധി യു.ഡി.എഫ്. ചര്‍ച്ചചെയ്യുമെന്നാണു യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന് പ്രതികരിച്ചത്. പാര്‍ട്ടിയിലെ അധികാരത്തര്‍ക്കത്തില്‍ യു.ഡി.എഫുമായി ഇടയുന്ന വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ഇടതുമുന്നണിയും നീക്കമാരംഭിച്ചു. ചെയര്‍മാനായി ജോസിനു തുടരാനാകില്ലെന്ന ഇടുക്കി മുന്‍സിഫ് കോടതി വിധിക്കെതിരായ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. കോടതി വിധിക്കു പിന്നാലെ, കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പി.ജെ. ജോസഫിനെ നേതാവായും സി.എഫ്. തോമസിനെ ഉപനേതാവായും തെരഞ്ഞെടുത്തു.






