
വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എകെ ബാലന്റെ വാഹനത്തിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലമ്പലം നബീലിന്റെ നേതൃത്വത്തില്‍ ഇന്നലെ കരിങ്കോടി വീശിയിരുന്നു. ഇവരെ പോലീസ് തടയുകയും പിടിച്ചുമാറ്റുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ നിലത്ത് വീണ വഴിയാത്രക്കാരിയുടെ കൈക്ക് പരുക്ക് പറ്റി. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ട് മണിയോടെ മ്യൂസിയം റോഡിലാണ് സംഭവം. ഔദ്യോഗിക വാഹനത്തില്‍ നിയമസഭയിലേക്ക് പോവുകയായിരുന്ന മന്ത്രിയെ അഞ്ച് പേര് ചേര്‍ന്ന് കരിങ്കൊടി കാണിക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് പോലീസ് ഇവരെ തടഞ്ഞത്. പ്രതിഷേധത്തിനു നേതൃത്വം നല്കിയ മൂന്നുപേരെ പൊലീസ് പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനിടെയാണ് പൗഡിക്കോണം സ്വദേശി സേതുക്കുട്ടിയമ്മ (66)ക്ക് പരുക്ക് പറ്റിയത്. മനപൂര്‍വം തള്ളിയിട്ടതല്ലല്ലോ, അവരോടു ക്ഷമിക്കാം എന്നായിരുന്നു സേതുക്കുട്ടിയമ്മയുടെ പ്രതികരണം. മന്ത്രി എ.കെ.ബാലന്റെ വാഹനത്തിനു നേരെ കരിങ്കൊടി വീശാന്‍ ഓടുമ്പോഴാണ് പ്രവര്‍ത്തകരില്‍ ഒരാള്‍ സേതുക്കുട്ടിയമ്മയെ തട്ടിയിട്ടത്. അതേസമയം സംഭവം വിവാദമായതോടെ നേതാക്കള്‍ ക്ഷമ പറഞ്ഞു. പരാതി ഇല്ലെന്ന് സേതുക്കുട്ടിയമ്മ അറിയിച്ചെന്ന് കെ.എസ്.യു നേതാവ് കല്ലമ്പലം നബീല്‍ പറഞ്ഞു.
എന്നാല്‍ ഒരു കൂട്ടം ആളുകള്‍ തള്ളിയിട്ട് കയ്യൊടിച്ചെന്നാണു സേതുക്കുട്ടിയമ്മ പൊലീസിനു മൊഴി നല്കയത്. ഇതോടെ കെഎസ്യു നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തെന്നും പ്രശ്നം പരിഹരിച്ച വിവരം അറിയില്ലെന്നും മ്യൂസിയം എസ്ഐ പറഞ്ഞു. മ്യൂസിയം റോഡില്‍ കോര്പറേഷന് ആസ്ഥാനത്തിനു മുന്നിലായിരുന്നു സംഭവം. ഇവിടെ അപേക്ഷ നല്കാന് എത്തിയതാണ് സേതുക്കുട്ടിയമ്മ. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ ഇവരെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ചാടിയിറങ്ങി കരിങ്കൊടി കാണിക്കുകയായിരുന്നു.






