
കോഴിക്കോട്: മാവോയിസ്റ്റുകളെ അനുകൂലിച്ച് ലഘുലേഖ ഇറക്കിയ യുവാക്കളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ എതിര്‍പ്പുമായി പ്രതിപക്ഷവും സിപിഐ യും രംഗത്തെത്തി. സിപിഎം കോഴിക്കോട് ജില്ലാക്കമ്മറ്റിതന്നെ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
ലഘുലേഖ വിതരണം ചെയ്തതിന് അറസ്റ്റ് ചെയ്യുന്നത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ആശയ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരേയല്ല യുഎപിഎ ചുമത്തേണ്ടതെന്നും രമേശ് പറഞ്ഞു. ഈ സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാരിന്റെ മനുഷ്യവേട്ട ശരിയല്ലെന്നും നിര്‍ത്തണമെന്നും സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ് പോലും തിരിച്ചറിയാത്തയാളാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ വിരുദ്ധ അഭിപ്രായം പുറത്തു വിടുന്ന ഇടതുപക്ഷത്തെ രണ്ടാമന്മാരായ സിപിഐ സംഭവത്തെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ആശയ പ്രചരണത്തിന് ലഘുലേഖ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമല്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും പ്രതികരിച്ചു. ആഴത്തിലുള്ള പരിശോധന ഇല്ലാതെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും പ്രതികരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് ലഘുലേഖയുമായി അറസ്റ്റിലായിരിക്കുന്നത്.
ഇരുവര്‍ക്കുമെതിരേ യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. നിരോധിത സംഘടനകള്‍ക്ക് വേണ്ടി ആശയപ്രചരണം നടത്തിയെന്നും ഇതിലൂടെ സംഘര്‍ഷത്തിന് സാധ്യതയിട്ടെന്നും വരുന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പിടിയിലായ രണ്ടുപേരും സിപിഎം തിരുവണ്ണുര്‍ പാറമ്മേല്‍ ബ്രാഞ്ചു കമ്മറ്റിയില്‍ പെട്ടവരാണ്. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ താഹയുടെ പുസ്തകങ്ങള്‍ അടക്കം എടുത്തുകൊണ്ടുപോയി. അതേസമയം ആശയ പ്രചരണത്തിന്റെ പേരില്‍ യുഎപിഎ പോലെയുള്ള വകുപ്പുകള്‍ ചേര്‍ത്തതിനെതിരേ സിപിഎം കോഴിക്കോട് ജില്ലാക്കമ്മറ്റി തന്നെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യമാണ് ഉയര്‍ന്നിരിക്കുന്നത്.
നിയമ, ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. സംഭവം വലിയ വിവാദമായി മാറിയതോടെ ഇവരുടെ മാതാപിതാക്കളെ സിപിഎം ജില്ലാക്കമ്മറ്റി നേതാക്കള്‍ ബന്ധപ്പെടുകയും മാധ്യമങ്ങളുടെ മുന്നിലേക്ക് പോകരുതെന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാമെന്നും പറഞ്ഞതായി വിവരമുണ്ട്. പോലീസ് പിടിയിലായിരിക്കുന്ന താഹ സിപിഎമ്മിന്റെ ശക്തനായ പ്രവര്‍ത്തകനാണ്. പിടിയിലായ രണ്ടാമന് അലന്റേത് സിപിഎം കുടുംബമാണ്. അലന് എസ്എഫ് ഐ ഏരിയാ കമ്മറ്റിയംഗമായിരുന്നു. ഇയാളുടെ സഹോദരനും സിപിഎം പ്രവര്‍ത്തകനാണ്്.






