
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്തിയത് സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയായി മാറുന്നു. അറസ്റ്റിലാല വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഈ വകുപ്പ് ചുമത്തിയതിന്റെ പേരില്‍ കോഴിക്കോട് സിപിഎം ജില്ലാക്കമ്മറ്റി തന്നെ രംഗത്തു വന്നിരിക്കുന്ന സാഹചരയത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയോട് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.
ഏതു സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നിരോധിത സംഘടനകളോട് ആഭിമുഖ്യം കാട്ടി പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളായ യുവാക്കളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിനെതിരേ പ്രതിപക്ഷവും പാര്‍ട്ടിക്കാരും രംഗത്ത് വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
പോലീസ് പിടികൂടിയ രണ്ടു പേരും സിപിഎം പ്രവര്‍ത്തകരും ബ്രാഞ്ച് കമ്മറ്റിയംഗങ്ങളുമാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില നേതാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസ് എടുത്തപ്പോള്‍ ശക്തമായി എതിര്‍ത്ത് സിപിഎം രംഗത്ത വന്നിരുന്നു. ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അധികാരത്തില്‍ വന്നാല്‍ തടയുമെന്ന് സിപിഎം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ അലന് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടുപേരും സിപിഎം തിരുവണ്ണുര്‍ പാറമ്മേല്‍ ബ്രാഞ്ചു കമ്മറ്റിയില്‍ പെട്ടവരാണ്.
പ്രശ്നം വിവാദമാക്കരുതെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ചെല്ലരുതെന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കിത്തരാമെന്നും നേരത്തേ അലന്റെ മാതാപിതാക്കളെ സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചിരുന്നതായി വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മുഖ്യമന്ത്രിയെ കാണാന്‍ ഇരുവര്‍ക്കും അവസരം നല്‍കിയത്. മകന് നിരപരാധിയാണെന്നും മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും മാതാവ് പറഞ്ഞു. യുഎപിഎ ചുമത്തിയതിലെ ആശങ്ക അറിയിക്കുകയും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.






