
കോട്ടയം: പാലായില്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്സണ് മരിച്ച സംഭവത്തില്‍ മൂന്ന് കായികാധയാപകര് അറസ്റ്റില്‍. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി.ഡി മാര്ട്ടിന്, സിഗ്നല്‍ ചുമതല നിര്‍വഹിച്ചിരുന്ന കെ.വി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പാലാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കീഴടങ്ങിയ മൂന്ന് പേരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മറ്റൊരു ഒഫീഷ്യല്‍ പി. നാരായണന്‍കുട്ടി ഇനി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ ഒളിവിലാണ്. നാരായണന്‍കുട്ടി അടക്കം നാല് പേരെ പ്രതിചേര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേര് കീഴടങ്ങിയത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ നാലിനാണ് അഫീല്‍ ജോണ്സന് ഹാമര്‍ കൊണ്ട് പരുക്കേറ്റത്. കായികമേളയില്‍ വോളണ്ടിയറായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 31നാണ് മരണത്തിന് കീഴടങ്ങിയത്. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് ജോണ്‍സന്റെ മകനാണ്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.






